യുഎസിലെ കലിഫോര്‍ണിയ സംസ്ഥാനത്തെ പുതിയ നിയമത്തിനു വിധേയമാക്കാന്‍ കോക്ക കോളയും പെപ്സിയും അവയ്ക്കു ബ്രൌണ്‍ നിറം നല്‍കുന്ന പഞ്ചസാരക്കൂട്ടിന്റെ (കാരമെല്‍) ചേരുവ പരിഷ്കരിക്കുന്നു. ചേരുവമാറ്റംമൂലം കോളകളുടെ ഫോര്‍മുല, രുചി, നിറം എന്നിവയ്ക്കു വ്യത്യാസമുണ്ടാകില്ലെന്ന് ഇരുകമ്പനികളും അറിയിച്ചു.
ഭക്ഷണ, പാനീയങ്ങളില്‍ 4-മീതൈലി മിഡാസോള്‍ (4-എംഐ) എന്ന രാസവസ്തു ഉണ്ടെങ്കില്‍ ‘കാന്‍സറിനു കാരണമാകാവുന്ന രാസവസ്തുക്കള്‍ അടങ്ങുന്നത് എന്ന വിവരം ലേബലില്‍ വ്യക്തമാക്കണമെന്നാണ് കാലിഫോര്‍ണിയയിലെ പുതിയ വ്യവസ്ഥ. കാരമെലിലെ 4-എംഐ കുറയ്ക്കാന്‍ ഇരുകമ്പനികളും നടപടിയെടുത്തു. അതുവഴി ‘കാന്‍സര്‍ വ്യവസ്ഥയില്‍നിന്ന് ഒഴിവാകുകയാണു ലക്ഷ്യം. തീരുമാനം പുറത്തുവന്നതിനെത്തുടര്‍ന്ന് ഒാഹരി വിപണികളില്‍ ഇരുകമ്പനികളുടെയും ഒാഹരി വിലയില്‍ വര്‍ധനയുണ്ടായി.
ഉപഭോക്താക്കളുടെ അവകാശ സംഘടനകളുടെ പ്രചാരണത്തെത്തുടര്‍ന്നാണു കലിഫോര്‍ണിയയില്‍ ജനുവരിയില്‍ നിയമം പ്രാബല്യത്തില്‍ വന്നത്. അവിടെ മാത്രമാണു നിയമം ബാധകമെങ്കിലും യുഎസില്‍ ആകെ പരിഷ്കരിച്ച കോള നല്‍കാനാണു കമ്പനികളുടെ തീരുമാനം. ഇപ്പോഴത്തെ കോള യൂറോപ്പിലെ മാനദണ്ഡങ്ങള്‍ക്കു വിധേയമാണെന്നും അതിനാല്‍ അവിടെ മാറ്റമുണ്ടാകില്ലെന്നും കോക്ക കോള അറിയിച്ചു. പെപ്സിയിലെ മാറ്റം മറ്റു രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുമോയെന്നു വ്യക്തമാക്കിയില്ല.
ഇപ്പോഴത്തെ കോളകളും സുരക്ഷിതമാണെന്നു യുഎസ് ഫുഡ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിവസം ആയിരത്തിലേറെ കാന്‍ കുടിച്ചാല്‍ മാത്രമേ അനുവദനീയമായതില്‍ കൂടുതല്‍ 4-എംഐ ഉള്ളില്‍ ചെല്ലൂ. കോളകളിലെ കാരമെല്‍ കാന്‍സറിനു കാരണമാകില്ലെന്നു കമ്പനി വക്താക്കളും പറഞ്ഞു. 4-എംഐയുടെ ഉപയോഗം മൃഗങ്ങളില്‍ ട്യൂമറിനു കാരണമായേക്കുമെന്നു പരീക്ഷണങ്ങളില്‍ തെളിഞ്ഞെങ്കിലും മനുഷ്യരില്‍ അങ്ങനെയൊരു പ്രശ്നം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല – കമ്പനി വക്താക്കള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല