ഒരു കോഴി മുട്ടയുടെ വില 480 പൗണ്ട്. സംശയിക്കണ്ട, പൊന്മുട്ടയല്ല, സാധാരണ കോഴിമുട്ട തന്നെ. ഒരു ഇന്റര്‍നെറ്റ് ലേലത്തിലാണ് കോഴിമുട്ടക്ക് 480 പൗണ്ട് വില കിട്ടിയത്. കൃത്യമായ ഗോളാകൃതിയുണ്ട് എന്നതാണ് മുട്ടയുടെ പ്രത്യേകത.
ലാച്ചിംടണ് സ്വദേശിയായ കിം ബ്രോഫ്ടന്റെ പിംഗ് പോംഗ് എന്ന കോഴിയാണ് ഗോളാകൃതിയുള്ള മുട്ടയിട്ട് നാട്ടുകാരെ ഞെട്ടിച്ചത്. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് ഉരുണ്ട മുട്ട കാണാന്‍ സന്ദര്‍ശകരുടെ തിരക്കായി.
തുടര്‍ന്നാണ് കിം സിസ്റ്റിക് ഫൈബ്രോസിസ് ട്രസ്റ്റ് എന്ന സംഘടനക്കു വേണ്ടി മുട്ട ലേലം ചെയ്യാന്‍ തീരുമാനിച്ചത്. നേരത്തെ കിമ്മിന്റെ ഒരു സുഹൃത്തിന്റെ മകന് ഈ രോഗം ബാധിച്ച് മരിച്ചതും ഈ തീരുമാനത്തിന് പ്രേരണയായി.
മുട്ട ലേലത്തില്‍ വാങ്ങുന്നയാള്‍ അത് പൊരിച്ചു തിന്നാതെ സംരക്ഷിക്കുമെന്നാണ് പ്രതീക്ഷയെന്ന് കിം പറഞ്ഞു. ബഫ് ഓര്‍പിംഗ്ടണ്‍ വിഭാഗത്തില്‍ പെട്ട അമ്മക്കോഴിയുടേതാണ് ഉരുണ്ട മുട്ട. ഇന്റര്‍നെറ്റ് ലേല സൈറ്റായ ഇബേയില്‍ വില്‍പ്പനക്ക് വച്ച മുട്ടക്ക് 48 ലേലം വിളിക്കാരെ ലഭിച്ചിട്ടുണ്ട്.
മുട്ട ലേലത്തില്‍ പിടിച്ചയാളുടെ പേരുവിവരങ്ങള്‍ സൈറ്റ് വെളിപ്പെടുത്തിയിട്ടില്ല. മുട്ട അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് അറിയുന്നതിന് മുമ്പ് അത് പൊരിച്ചു തിന്നാന്‍ പദ്ധതിയിട്ടിരുന്നു എന്ന് കിം ബിബിസിയോട് പറഞ്ഞു.
എന്നാല്‍ കിം ഫേസ്ബുക്കില്‍ ഇട്ട മുട്ടയുടെ ഫോട്ടോ കണ്ട ഒരു സുഹൃത്ത് കൃത്യസമയത്ത് ഇടപെട്ട് അത് തടയുകയായിരുന്നു. എന്തായാലും ഇനി മുതല്‍ പിംഗ്പോംഗ് മുട്ടയിടാന്‍ പോകുന്ന നേരത്ത് ഒരു കണ്ണു വക്കാനാണ് കിമ്മിന്റെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല