സ്വന്തം ലേഖകൻ: അപൂര്‍വമായ ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ രോഗം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പെറു. ഗീലന്‍ ബാര്‍ സിന്‍ഡ്രോം(Guillain-Barre syndrome) എന്ന ന്യൂറോളജിക്കല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടിയ പശ്ചാത്തലത്തിലാണ് 90 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
രോഗത്തെ നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഓരോ വര്‍ഷവും ഗീലന്‍ ബാര്‍ സിന്‍ഡ്രോം നിരക്കുകള്‍ കൂടുന്നതായി കണ്ടുവരുന്നുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി അതിന്റെ എണ്ണം വളരെയധിരം കൂടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കാന്‍ ഉതകുന്ന നടപടികളെടുക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്- പെറു ആരോഗ്യമന്ത്രി സീസര്‍ വാസ്‌ക്വിസ് പറഞ്ഞു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 182 ഗീലന്‍ ബാര്‍ സിന്‍ഡ്രോം കേസുകളാണ് പെറുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതില്‍ 31 രോഗികള്‍ ചികിത്സയിലും 147 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ജനുവരി, മാര്‍ച്ച്, മേയ് മാസങ്ങളിലായി നാലുമരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗനിവാരണത്തിനായുള്ള മാര്‍ഗങ്ങള്‍ പാലിക്കുന്നതിനൊപ്പം ജനങ്ങള്‍ക്ക് കൃത്യമായ ബോധവല്‍ക്കരണവും ആരോഗ്യവകുപ്പ് നല്‍കുന്നുണ്ട്.
ശരീരത്തിന്റെ പ്രതിരോധസംവിധാനം ഞരമ്പുകളെ കീഴക്കുന്ന വളരെ അപൂര്‍വമായി കാണപ്പെടുന്ന ഓട്ടോഇമ്മ്യൂണ്‍ ഡിസോര്‍ഡര്‍ ആണിത്. ശരീരത്തിന്റെ പ്രതിരോധസംവിധാനം പെരിഫെറല്‍ നെര്‍വുകളെ കീഴടക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് പേശികള്‍ ക്ഷയിക്കുന്നതിനും മരവിക്കുന്നതിനുമൊക്കെ കാരണമാകും. കാലുകളില്‍ നിന്ന് ആരംഭിക്കുന്ന ഈ ലക്ഷണങ്ങള്‍ പതിയെ മുകളിലേക്ക് വ്യാപിക്കുകയും ചെയ്യും.
ഇത് ഗുരുതരമാകുന്ന അവസ്ഥയില്‍ തളര്‍ച്ചയിലേക്കും നയിക്കാം. ഏതു പ്രായക്കാരെയും ബാധിക്കാമെങ്കിലും കൂടുതലും പുരുഷന്മാരിലാണ് ഈ അവസ്ഥ കണ്ടുവരാറുള്ളത്. എന്താണ് ഗീലന്‍ ബാര്‍ സിന്‍ഡ്രോമിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ എന്നതിനെക്കുറിച്ച് വ്യക്തത ഇല്ലെങ്കിലും ചില അണുബാധകള്‍ അതിനു കാരണമാകാറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
കാംപിലോബാക്റ്റര്‍ ജിജുനി( Campylobacter jejuni) എന്ന ബാക്റ്റീരിയ മൂലമുള്ള അണുബാധയ്ക്കു ശേഷവും സാധ്യത കൂടുന്നതായി വിദഗ്ധര്‍ പറയുന്നു. ഇന്‍ഫ്‌ലുവന്‍സ വൈറസ്, സൈറ്റോമെഗാലോ വൈറസ്, ഇപ്സ്റ്റീന്‍ ബാര്‍ വൈറസ് തുടങ്ങി കോവിഡ് വരെ സാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. .
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്‌സ് ആന്റ് സ്‌ട്രോക്ക് പറയുന്നത് പ്രകാരം ഗീലന്‍ ബാര്‍ സിന്‍ഡ്രോമിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് അമിതമായ തളര്‍ച്ചയാണ്. പടികളും മറ്റും കയറുമ്പോള്‍ ഇത് കൂടുതലായിരിക്കും. ഞരമ്പുകള്‍ ക്ഷയിക്കുന്നതിന്റെ ഭാഗമായി ശരീരത്തില്‍ നിന്ന് മസ്തിഷ്‌കത്തിലേക്ക് അസാധാരണമായ സിഗ്നലുകള്‍ ലഭിക്കും, paresthesisa എന്നാണ് ഈ അവസ്ഥയെ പറയുന്നത്. ഈ അവസ്ഥയില്‍ ചര്‍മത്തിനടിയില്‍ തരിപ്പും തുടിപ്പുമൊക്കെ അനുഭവപ്പെടാം.
കണ്ണിന്റെ പേശികള്‍ക്ക് തകരാര്‍ വരിക, കാഴ്ച്ചയ്ക്ക് ബുദ്ധിമുട്ട്, ഭക്ഷണം വിഴുങ്ങാനും ചവയ്ക്കാനും സംസാരിക്കാനുമുള്ള ബുദ്ധിമുട്ട്, കൈകളിലും കാലുകളിലും സൂചികുത്തുന്നതു പോലുള്ള വേദന, ശരീരമാകെ പ്രത്യേകിച്ച് രാത്രിസമയങ്ങളില്‍ ഉള്ള കടുത്ത വേദന, ആശയക്കുഴപ്പം നേരിടുക, അസാധാരണമായ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും ദഹനക്കുറവും, മൂത്രം നിയന്ത്രിക്കാന്‍ കഴിയാതിരിക്കും തുടങ്ങിയവയൊക്കെ ലക്ഷണങ്ങളില്‍ പെടുന്നു.
ഗീലന്‍ ബാര്‍ സിന്‍ഡ്രോമിനുള്ള യഥാര്‍ഥ ചികിത്സ ഇതുവരെ ലഭ്യമായിട്ടില്ല. രോഗത്തിന്റെ തീവ്രത കുറച്ച് മുക്തി ലഭ്യമാക്കുന്ന ചികിത്സയാണ് നല്‍കുക. ഇന്‍ട്രാവെനസ് ഇമ്മ്യൂണോഗ്ലോബിന്‍ ആണ് പ്രധാന ചികിത്സ. പ്ലാസ്മാ എക്‌സ്‌ചേഞ്ച് തെറാപ്പിയും ചെയ്യാറുണ്ട്. മിക്ക രോഗികളും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രോഗമുക്തി നേടാറുണ്ട്. ചിലരില്‍ ലക്ഷണങ്ങള്‍ വീണ്ടും നീണ്ടുപോയേക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല