സ്വന്തം ലേഖകന്‍: പാകിസ്താനിലെ മുന്‍ സ്വേച്ഛാധിപതിയും പ്രസിഡന്റുമായിരുന്ന പര്‍വേസ് മുഷറഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു, മുഷറഫ് പിടികിട്ടാപ്പുള്ളി. 2007 ലെ റെഡ് മോസ്‌ക് റെയ്ഡുമായി ബന്ധപ്പെട്ട കേസിലാണ് മുഷറഫിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ജൂലൈയില്‍ മുഷറഫിനെതിരായ രാജ്യദ്രോഹക്കേസില്‍ സമാനമായ വിധി മറ്റൊരു കോടതി പുറപ്പെടുവിച്ചിരുന്നു.
1999 ല്‍ സൈനിക അട്ടിമറിയിലൂടെ പാകിസ്താന്റെ ഭരണം പിടിച്ചെടുത്ത മുഷറഫ് തന്റെ ഭരണകാലയളവിലെ വന്‍ അഴിമതികളുടെ പേരിന്‍ നിരവധി കേസുകളിലാണ് വിചാരണ നേരിടുന്നത്. ചികിത്സയ്ക്ക് എന്ന പേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ദുബായിലേക്ക് കടന്ന മുഷറഫിനെ പാകിസ്താന്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ നിയമങ്ങളെ ഭയന്ന് ഒളിച്ചോടിയവനാണ് മുഷറഫെന്നും കോടതി വിധിന്യായത്തില്‍ വിമര്‍ശിച്ചിരുന്നു. 72 വയസ്സുള്ള മുഷറഫ് പട്ടാള അട്ടിമറിയിലൂടെയായിരുന്നു പാകിസ്ഥാന്റെ ഭരണം പിടിച്ചെടുത്തത്. ബേനസീര്‍ ഭൂട്ടോ വധം, ജഡ്ജിമാരെ തടവിലാക്കല്‍ തുടങ്ങിയ നിരവധി കുറ്റങ്ങളില്‍ വിചാരണ നേരിടുന്ന മുഷറഫ് രാജ്യം വിട്ടു പോകരുതെന്ന് കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു.
എന്നാല്‍ വിലക്കുകള്‍ ലംഘിച്ച് ശാരീരികാസ്വാസ്ഥ്യത്തിനു ചികിത്സ ചെയ്യാനെന്ന പേരില്‍ മുഷറഫ് ദുബായിലേക്കു പോവുകയായിരുന്നു. ഇക്കാര്യത്തില്‍, കോടതി സര്‍ക്കാരിനോടു വിശദീകരണം ചോദിക്കുകയും ചെയ്തു. 2013 ല്‍ പാകിസ്ഥാനില്‍ തിരികെയെത്തിയ മുഷറഫ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല