സ്വന്തം ലേഖകന്‍: പാകിസ്താനില്‍ പര്‍വേസ് മുശര്‍റഫിന്റെ നില പരുങ്ങലില്‍; പാസ്‌പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍ കാര്‍ഡും തടഞ്ഞുവെക്കും. രാജ്യദ്രോഹ കേസില്‍ വിചാരണക്ക് ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയ മുശര്‍ഫിനെതിരെ കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ദേശീയ ഡേറ്റാബേസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ അതോറിറ്റി (എന്‍.എ.ഡി.ആര്‍.എ), പാസ്‌പോര്‍ട് വകുപ്പ് എന്നിവക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ, യാത്രവിലക്ക് വരുന്ന മുശര്‍റഫിന് ബാങ്കിങ് സേവനങ്ങളും മുടങ്ങും.
പാകിസ്താനിലും വിദേശത്തുമുള്ള ആസ്തികള്‍ വില്‍ക്കാനും പുതിയത് വാങ്ങാനും സാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. 2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേല്‍പിച്ച സംഭവത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കോടതി മുശര്‍റഫിനെ അറസ്റ്റ് ചെയ്ത് എല്ലാ ആസ്തികളും കണ്ടുകെട്ടാനും നിര്‍ദേശിച്ചു. ഭരണഘടനച്ചട്ടങ്ങള്‍ മറികടന്നാണ് പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് കോടതി വ്യക്തമാക്കി.
ദുബൈയില്‍ കഴിയുന്ന മുശര്‍റഫിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടണമെന്ന് നേരത്തെ പ്രത്യേക കോടതി ആവശ്യപ്പെട്ടിരുന്നു. 1999 മുതല്‍ 2008 വരെയാണ് മുശര്‍റഫ് പാകിസ്താന്‍ ഭരിച്ചത്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയുടെ കൊലപാതകം ഉള്‍പെടെ നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ് അദ്ദേഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല