സ്വന്തം ലേഖകന്‍: ഹരിയാനയിലെ അമ്മമാരുടെ മുലപ്പാലില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി. ഹരിയാനയിലെ സിര്‍സ ജില്ലയിലാണ് മുലപ്പാലില്‍ വിഷാംശം കണ്ടെത്തിയത്. ലോകാരോഗ്യ സംഘടന കരുതിയിരുന്നതില്‍ നൂറു മടങ്ങ് കൂടുതലാണ് ഇവിടുത്തെ അമ്മമാരുടെ മുലപ്പാലില്‍ കലര്‍ന്നിരിക്കുന്ന കീടനാശിനിയുടെ അളവ്.
സിര്‍സയിലെ ചൌദരി ദേവി ലാല്‍ യൂണിവേഴ്!സിറ്റിയിലെ ഊര്‍ജ പരിസ്ഥിതി ശാസ്ത്ര വകുപ്പ് നടത്തിയ ഗവേഷണത്തിലാണ് ഇവിടുത്തെ അമ്മമാരുടെ മുലപ്പാലില്‍ മുമ്പ് കരുതിയിരുന്നതില്‍ നൂറു മടങ്ങിലേറെ വിഷാംശം അടങ്ങിയിരിക്കുന്ന വിവരം കണ്ടെത്തിയത്. ആരോഗ്യ മന്ത്രാലയം മുലപ്പാലൂട്ടല്‍ പ്രോത്സാഹിപ്പിക്കാന്‍ നാടൊട്ടുക്ക് പ്രചരണം നടത്തുമ്പോഴാണ് ഈ ഭീകരാവസ്ഥയെന്നതാണ് വൈരുധ്യം.
മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളുടെ ശരീരത്തിലേക്ക് കുരുന്നുപ്രായത്തില്‍ തന്നെ ചെന്നെത്തുന്നത് വലിയ അളവിലുള്ള വിഷമാണെന്നാണ് കണ്ടെത്തല്‍. ഒരു കിലോഗ്രാമില്‍ 0.12 മില്ലിഗ്രാം എന്ന അളവാണ് മുലപ്പാലില്‍ കണ്ടെത്തിയ വിഷാംശം. മുലയൂട്ടുന്ന 40 അമ്മമാരുടെ അടുത്തു നിന്നു മുലപ്പാലും എട്ടു മുതല്‍ രണ്ടു വയസു വരെയുള്ള 80 ഓളം കുട്ടികളുടെ രക്തസാമ്പിളുകളും ശേഖരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വ്യക്തമായത്. മൂന്നു വര്‍ഷത്തോളമെടുത്താണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.
അമ്മമാര്‍ കഴിക്കുന്ന മിക്ക ഭക്ഷ്യ പദാര്‍ത്ഥങ്ങളിലും കീടനാശിനി ഉയര്‍ന്ന തോതില്‍ കലര്‍ന്നിരിക്കുന്നു. പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍, എണ്ണ, പാല്, നെയ്യ്, ധാന്യവര്ഗ്ഗങ്ങള്, മാംസം എന്നു വേണ്ട മുട്ടയില്‍ പോലും ഈ കീടനാശിനിയുടെ അംശം കാണപ്പെടുന്നു. കീടങ്ങളെ കൊല്ലുന്നതിന് പ്രയോഗിക്കുന്ന കീടനാശിനികള്‍ മണ്ണില്‍ ലയിച്ചു ചേരുകയാണ് ചെയ്യുന്നത്. ഇവ ക്രമേണ സസ്യങ്ങളില്‍ കടന്നു കൂടുകയും അതുവഴി ജന്തുക്കളിലേക്കും മനുഷ്യരിലേക്കും കടന്നെത്തുകയും ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല