സ്വന്തം ലേഖകൻ: യു.എസ്സുമായി നിലനിന്നിരുന്ന 50 വർഷത്തെ പെട്രോ-ഡോളർ കരാർ സൗദി അറേബ്യ പുതുക്കില്ലെന്ന് റിപ്പോർട്ട്. ഇതോടെ, യു.എസ് ഡോളറിന് പകരം മറ്റ് കറൻസികൾ ഉപയോഗിച്ച് സൗദിക്ക് ഇടപാടുകൾ നടത്താൻ സാധിക്കും. 50 വർഷത്തേക്ക് ഒപ്പ് വച്ച കരാർ ജൂൺ 9-നായിരുന്നു പുതുക്കേണ്ടത്.
1974 ജൂൺ എട്ടിന് ഒപ്പുവെച്ച, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കരാറാണ് സൗദി പുതുക്കേണ്ടതെന്ന് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ, യു.എസ് ഡോളറിന് പകരം ചൈനീസ് ആർ.എം.ബി, യൂറോ, യെൻ, യുവാൻ തുടങ്ങി വ്യത്യസ്ത കറൻസികൾ ഉപയോഗിച്ച് സൗദിക്ക് എണ്ണയും മറ്റ് സാധനങ്ങളും വിൽക്കാൻ സാധിക്കും. ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളുടെ സാധ്യതയും രാജ്യത്തിന് ഉപയോഗപ്പെടുത്താനാകും.
യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണിന്റെയും സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസിഞ്ചറിന്റെയും നേതൃത്വത്തില്‍ യുഎസ് ഗവണ്‍മെന്റും സൗദി രാജകുടുംബവും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 1974 ജൂണ്‍ എട്ടിന് ഒപ്പുവച്ച കരാറിനെ തുടര്‍ന്നാണ് പെട്രോഡോളര്‍ സംവിധാനം നിലവില്‍ വന്നത്. സൗദി ഭരണകൂടത്തിന്റെ സുരക്ഷ ഉറപ്പുനല്‍കുന്നതിനും സൈനിക സഹായം നല്‍കുന്നതിനും പകരമായി, സൗദി അറേബ്യ തങ്ങളുടെ എണ്ണ കയറ്റുമതിക്ക് യുഎസ് ഡോളറില്‍ മാത്രം വില നിശ്ചയിക്കണമെന്നായിരുന്നു കരാര്‍.
ഈ കരാര്‍ യുഎസ് ഡോളറിന്റെ അപ്രമാദിത്തം സ്ഥാപിച്ചു. മറ്റ് രാജ്യങ്ങള്‍ക്ക് എണ്ണ വാങ്ങാന്‍ ഡോളര്‍ ആവശ്യമായിരുന്നതിനാല്‍ ലാകത്തിലെ പ്രാഥമിക കരുതല്‍ കറന്‍സി എന്ന നിലയില്‍ ഡോളറിനെ അത് ശക്തിപ്പെടുത്തി. പെട്രോഡോളര്‍ കരാര്‍ അവസാനിപ്പിക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് ഡോളറിന്റെ ആഗോള ഡിമാന്‍ഡ് കുറയാന്‍ ഇത് ഇടയാക്കിയേക്കും.
യൂറോ, ചൈനീസ് യുവാന്‍, ക്രിപ്റ്റോകറന്‍സികള്‍ പോലുള്ള മറ്റ് കറന്‍സികള്‍ അന്താരാഷ്ട്ര വ്യാപാരത്തില്‍ കൂടുതല്‍ പ്രാധാന്യം നേടിയേക്കാമെന്നും വിലയിരുത്തപ്പെടുന്നു. ഡോളറിന്റെ ഡിമാന്‍ഡ് കുറയുന്നത് വിനിമയ നിരക്കുകളിലും സാമ്പത്തിക വിപണികളിലും വലിയ ചാഞ്ചാട്ടത്തിന് ഇടയാക്കും. അമേരിക്കയുടെ സാമ്പത്തികനിലയെ ഇത് സാരമായി ബാധിക്കാനിടയുണ്ടെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്.
അതേസമയം, സൗദിയുടെ ഈ കരാര്‍ പിന്‍മാറ്റം ചൈനയുടെ യുവാന്‍ കറന്‍സിയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണെന്ന വിലയിരുത്തലുമുണ്ട്. അമേരിക്കന്‍ ദിനപ്പത്രമായ വാള്‍ സ്ട്രീറ്റ് ജേണലാണ് ഇത്തരമൊരു വിലയിരുത്തല്‍ നടത്തിയത്. അമേരിക്കയും സൗദിയും തമ്മില്‍ നിലനില്‍ക്കുന്ന ചില അസ്വാരങ്ങളാണ് ഇതിനു പിന്നിലെന്നും പത്രം പറയുന്നു.
അടുത്ത കാലത്തായി ചൈനയുമായുള്ള സഹകരണം സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തിലെത്തിയ ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയതു പോലെ ശക്തമല്ലെന്നാണ് വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല