സ്വന്തം ലേഖകന്‍: നോ ഡീല്‍ ബ്രെക്‌സിറ്റ് ബ്രിട്ടനെ പത്തു വര്‍ഷം പിന്നോട്ടടിക്കുമോ? ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡിന്റെ മുന്നറിയിപ്പ് ചര്‍ച്ചയാകുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക് പോകുന്നത് ഡീലുകള്‍ ഇല്ലാതെയാണെങ്കില്‍ ബ്രിട്ടന്റെ സമ്പദ്ഘടനയ്ക്ക് കാര്യമായ ക്ഷതം സംഭവിക്കുമെന്ന് ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
നോ ഡീല്‍ ബ്രിട്ടനെ പത്ത് വര്‍ഷം പിന്നോട്ടടിക്കുമെന്നാണ് ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കിയത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുകയാണെങ്കില്‍ അയല്‍രാജ്യങ്ങളുമായി വളരെ അടുപ്പവും ശാശ്വതവുമായ ഒരു പങ്കാളിത്തം ഉറപ്പാക്കണം. അത് അനിവാര്യമാണെന്ന് അദ്ദേഹം പറയുന്നു. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് നല്‍കിയ മുന്നറിയിപ്പ് അവഗണിക്കാനാവില്ലെന്ന് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു. നോ ഡീല്‍ ബ്രെക്‌സിറ്റ് ബ്രിട്ടന്റെ സാമ്പത്തിക രംഗം തകിടം മറിക്കുമെന്ന് നേരത്തേ ഐ എം എഫ് മേധാവിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബ്രെക്‌സിറ്റിന് നേരിടുന്നതിന് വേണ്ടി ബ്രിട്ടന്‍ കൃത്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നുണ്ടെങ്കിലും ഒരു ഡീല്‍ ഉറപ്പാക്കാതെ വിടുന്നത് കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് നേടിയതെല്ലാം കളയുന്ന അവസ്ഥയുണ്ടാകും. അതേസമയം ഹാമാന്‍ഡിന്റെ പ്രസ്താവന പ്രധാനമന്ത്രി തെരേസാ മേയ്ക്കും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കവെ ഇത്തരം വിമര്‍ശനങ്ങള്‍ തിരിച്ചടിയാകുമെന്ന നിലപാടിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല