സ്വന്തം ലേഖകന്‍: നോ ഡീല്‍ ബ്രെക്‌സിറ്റ് ബ്രിട്ടീഷ് സമ്പദ്‌വ്യവ്സ്ഥയ്ക്ക് കനത്ത ആഘാതമാകുമെന്ന ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡിന്റെ പ്രസ്താവന വിവാദമാകുന്നു. പ്രധാനമന്ത്രി തെരേസാമേയുടെ ബ്രെക്‌സിറ്റ് ഡീലുകളെ സംബന്ധിച്ച് ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയ്ക്കുള്ളില്‍തന്നെ എതിര്‍പ്പുകള്‍ ശക്തമാകവെയാണ് ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡ് പ്രസ്താവനയുമായി രംഗത്തെത്തി.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഡീലുകളൊന്നുമില്ലാതെ ബ്രിട്ടന്‍ പുറത്ത് പോകുന്ന സ്ഥിതിയുണ്ടായാല്‍ ബ്രിട്ടന്റെ സാമ്പത്തിക രംഗത്ത് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഫിലിപ്പ് ഹാമാന്‍ഡ് വ്യക്തമാക്കിയത്. ജിഡിപി യില്‍ 10 ശതമാനത്തോളം കുറയുമെന്നും അദ്ദേഹം പറയുന്നു.
അതേസമയം ബ്രെക്‌സിറ്റ് ഡീലുകളെ സംബന്ധിച്ച് ഭരണകക്ഷി എം പിമാര്‍ തന്നെ രണ്ടു തട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഫിലിപ്പ് ഹാമണ്ടിന്റെ പ്രസ്താവന കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. മുന്‍ ബ്രെക്‌സിറ്റ് മിനിസ്റ്റര്‍ ഡേവിഡ് ജോണ്‍സ് പ്രധാനമന്ത്രി തെരേസാ മേയ് ഫിലിപ്പ് ഹാമണ്ടിന്റെ രാജി ആവശ്യപ്പെടണമെന്ന് വ്യക്തമാക്കി രംഗത്ത് വന്നിട്ടുണ്ട്.
നിലവിലെ ബ്രെക്‌സിറ്റ് സെക്രട്ടറി ഡൊമിനിക് റാബ് നടത്തിയ പ്രസ്താവനക്ക് പിന്നാലെയാണ് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടും രംഗത്ത് വന്നതെന്ന് ശ്രദ്ധേയമാണ്. നോ ബ്രെക്‌സിറ്റ് ഡീലോടു കൂടിയാണ് ബ്രിട്ടന്‍ പുറത്ത് പോകുന്നതെങ്കില്‍ സംഭവിക്കുന്ന സാമ്പത്തിക രംഗത്തെ പ്രത്യാഘാതം താത്കാലികം മാത്രമാണെന്നാണ് റാബ് അഭിപ്രായപ്പെട്ടത്.
അടുത്ത മാസം മുപ്പതിന് നടക്കുന്ന കണ്‍സര്‍വേറ്റിവ് പാര്‍ട്ടി കോണ്‍ഫറന്‍സില്‍ മേയ്‌ക്കെതിരെ ശക്തമായ നീക്കങ്ങളുമായാണ് വിമത വിഭാഗം അണിയറയില്‍ ഒരുങ്ങുന്നത്. മുന്‍ വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലാണ് അണിയറയിലെ നീക്കങ്ങള്‍. പാര്‍ട്ടി ചെയര്‍മാന്‍ സര്‍ ഗ്രഹാം ബ്രാഡി തെരേസാ മേയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല