മന്ത്രിപദം ദുരുപയോഗിച്ചെന്ന ആരോപണത്തെത്തുടര്‍ന്നു കഴിഞ്ഞ ദിവസം രാജിവച്ച ലിയാം ഫോക്സിനു പകരം ഫിലിപ്പ് ഹാമണ്ടിനെ (55) പുതിയ ബ്രിട്ടീഷ് പ്രതിരോധമന്ത്രിയായി നിയമിച്ചു. ഡേവിഡ് കാമറോണിന്റെ കൂട്ടുകക്ഷി മന്ത്രിസഭയില്‍ നിലവില്‍ ഗതാഗതമന്ത്രിയാണ് ഹാമണ്ട്. ജസ്റിന്‍ ഗ്രീനിംഗ് ആണ് പുതിയ ഗതാഗതമന്ത്രി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ബ്രിട്ടന്റെ ഏഴാമത്തെ പ്രതിരോധമന്ത്രിയാണ് ഹാമണ്ട്. ഓക്സ്ഫഡില്‍ വിദ്യാഭ്യാസം ചെയ്ത ഇദ്ദേഹം 1997ല്‍ ആണ് എംപിയായത്.
തന്റെ അടുത്തസുഹൃത്തും ഫ്ലാറ്റിലെ അയല്‍ക്കാരനുമായ ആഡം വെറിറ്റിയെ ഒൌദ്യോഗികയോഗങ്ങളിലും വിദേശ സന്ദര്‍ശനവേളകളിലും ഒപ്പംകൂട്ടിയതാണു ഫോക്സിനു വിനയായത്. ഒൌദ്യോഗിക പദവിയൊന്നുമില്ലാത്ത ആളെ സൌഹൃദത്തിന്റെ പേരില്‍ മന്ത്രി കൊണ്ടുനടക്കുന്നതു വിവാദമായപ്പോള്‍ അദ്ദേഹം തന്റെ ഉപദേഷ്ടാവാണെന്ന നിലപാടാണു ഫോക്സ് ആദ്യംസ്വീകരിച്ചത്.
എന്നാല്‍ ആഡം വെറിറ്റിയുടെ പേരിലുള്ള കമ്പനിയില്‍ വന്‍തുകകള്‍ പലരും നിക്ഷേപിച്ചതു വെളിച്ചത്തുവന്നതിനെ തുടര്‍ന്നു പിടിച്ചുനില്‍ക്കാനാകാതെ ഫോക്സ് രാജി വയ്ക്കുകയാണുണ്ടായത്. പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാജി സ്വീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല