സ്വന്തം ലേഖകന്‍: മയക്കു മരുന്നു കടത്ത്, ഫിലിപ്പീന്‍സില്‍ മേയറേയും ഭാര്യയേയും പോലീസ് വെടിവച്ചു കൊന്നു. ദക്ഷിണ ഫിലിപ്പീന്‍സിലെ മിസാമി ഒസിഡന്റല്‍ പ്രവിശ്യയിലുള്ള ഒസാമിസ് നഗരത്തിലെ മേയര്‍ റെയ്‌നാള്‍ഡോ പരോയിങും ഭാര്യയും മറ്റു 13 പേരുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പ്രസിഡന്റ് റൊഡ്രിഗോ ദുതേര്‍തെ നടപ്പാക്കിയ ലഹരി വിരുദ്ധ മിഷന്റെ ഭാഗമായുള്ള റെയ്ഡിലാണ് മേയര്‍ വെടിയേറ്റു മരിച്ചത്.
മേയര്‍ക്ക് മയക്കുമരുന്നു ലോബിമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മേയര്‍ റെയ്‌നോള്‍ഡോയുടെ പുത്രിയും ഒസാമിസ് വൈസ് മേയറുമായ നോവാ എക്കാവിസ് ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റു ചെയ്തിട്ടുമുണ്ട്. അനധികൃത ആയുധശേഖരം റെയ്ഡു ചെയ്യാനാണു പോലീസ് മേയറുടെ വസതിയിലെത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ സുരക്ഷാഗാര്‍ഡുകള്‍ പോലീസിനുനേര്‍ക്കു വെടിവക്കുകയായിരുന്നു.
തുടര്‍ന്നു നടന്ന ഏറ്റുമുട്ടലിലാണു 15 പേര്‍ മരിച്ചത്. ഗ്രനേഡുകളും വെടിക്കോപ്പുകളും മയക്കുമരുന്നും പിടിച്ചെടുത്തെന്നു പ്രവിശ്യാ പോലീസ് മേധാവി ജെയ്‌സന്‍ ഗുസ്മന്‍ അറിയിച്ചു. മയക്കുമരുന്നു ലോബിയെ അമര്‍ച്ച ചെയ്യുമെന്നും വേണ്ടിവന്നാല്‍ അവരെ കൊലപ്പെടുത്തുമെന്നും നേരത്തെ ഫിലിപ്പീന്‍സ് പ്രസിഡന്റ് ഡുട്ടെര്‍ട്ടെ പ്രഖ്യാപിച്ചിരുന്നു. മയക്കുമരുന്നു കള്ളക്കടത്തുകാര്‍ക്ക് എതിരേ ഫിലിപ്പീന്‍സില്‍ ആരംഭിച്ച വേട്ടയില്‍ 2016 ജൂണിനുശേഷം മൂവായിരത്തിലധികം പേരെ കൊന്നതായാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല