പ്രെസ്റ്റൻ: യുകെയിൽ കൊറോണവൈറസ് ബാധിച്ച് ചികിത്സയിലിരിക്കെ മരണമടഞ്ഞ ഓക്സ്ഫോർഡിലെ നേഴ്സ് ഫിലോമിന ജോസഫിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആദരാഞ്ജലികൾ. പരേതയുടെ വേർപാടിൽ ദുഃഖിക്കുന്ന ഭർത്താവ് ജോസഫ് വർക്കിയുടെയും മക്കളായ ജെറില്‍, ജിം, ജെസി എന്നിവരുടെയും വേദനയിൽ പങ്കുചേരുന്നതായി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തന്റെ അനുശോചനസന്ദേശത്തിൽ പറഞ്ഞു.
ഓക്‌സ്‌ഫോഡ് ജോൺ റാഡ് ക്ലിഫ് ഹോസ്പിറ്റലിൽ ആബുലേറ്ററി അസ്സസ്മെന്റ് യൂണിറ്റിൽ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. രോഗികളെ പരിചരിക്കുന്നതിനിടയില്‍ ഒരു മാസം മുമ്പാണ് രോഗം ബാധിച്ചത്. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഫിലോമിന വെള്ളിയാഴ്ച വെളുപ്പിനെയാണ് വിടവാങ്ങിയത്. കോട്ടയം ജില്ലയിൽ മോനിപ്പള്ളി ഇല്ലിക്കൽ കുടുംബാംഗമാണ് ഫിലോമിന.
കോവിഡ് ബാധിച്ച രോഗികൾക്കുവേണ്ടി സ്വന്തം ജീവൻ തൃണവൽഗണിച്ചു ജീവന്റെ ശുശ്രൂഷയിൽ വ്യാപൃതയായിരിക്കെ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ട ഫിലോമോനെ തന്റെ വിളിക്ക് പ്രത്യുത്തരം നൽകിയാണ് വിടവാങ്ങിയത്. പരേതയുടെ കുടുംബത്തെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നതായും ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതായും തന്റെ അനുശോചന സന്ദേശത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല