സ്വന്തം ലേഖകന്‍: വിയറ്റ്‌നാമിനും അമേരിക്കക്കും ഇടയില്‍ മഞ്ഞുരുക്കം, വിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തലവന്‍ അമേരിക്കന്‍ പര്യടനത്തിന്. പാര്‍ട്ടി സെക്രട്ടറി ജനറല്‍ ന്യുയന്‍ ഫു ട്രോങ്ങാണ് ചൊവ്വാഴ്ച വാഷിങ്ടണിലെത്തുക. യുഎസിനും വിയറ്റ്‌നാമിനുമിടയിലെ വിശ്വാസം ഉറപ്പിക്കുന്നതിനും ബന്ധം മികവുറ്റതാക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണു സന്ദര്‍ശനമെന്നു ട്രോങ് അറിയിച്ചു.
യുഎസ്, വിയറ്റ്‌നാം നയതന്ത്രബന്ധം പുനസ്ഥാപിച്ചതിന്റെ 20 മത്തെ വാര്‍ഷികത്തിന്റെ ഭാഗമായാണു സന്ദര്‍ശനം. യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഈ വര്‍ഷം അവസാനത്തോടെ വിയറ്റ്‌നാം സന്ദര്‍ശിക്കുമെന്നും ട്രോങ് പ്രത്യാശ പ്രകടിപ്പിച്ചു. വാണിജ്യം, മനുഷ്യാവകാശം, പ്രതിരോധം എന്നീ രംഗങ്ങളിലെ സഹകരണം സംബന്ധിച്ചു നേതാക്കള്‍ ചര്‍ച്ച നടത്തുമെന്നു യുഎസ് അറിയിച്ചു.
ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ അവകാശവാദങ്ങള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കുമുള്ള ആശങ്കയും വിഷയമായേക്കും. ഫിലിപ്പീന്‍സില്‍ നവംബറില്‍ ചേരുന്ന ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ സമ്മേളനത്തില്‍ ഒബാമ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ വിയറ്റ്‌നാം സന്ദര്‍ശനം സംബന്ധിച്ചു വൈറ്റ് ഹൗസ് വ്യക്തമായ സൂചനയൊന്നും നല്‍കിയില്ല.
പ്രസിഡന്റ് ട്രുവോങ് ടാന്‍ സാങ്, പ്രധാനമന്ത്രി ന്യുയന്‍ ടാന്‍ ഡങ്, ദേശീയ അസംബ്ലി ചെയര്‍മാന്‍ ന്യുയന്‍ സിന്‍ഹ് ഹങ് എന്നിവര്‍ക്കൊപ്പം വിയറ്റ്‌നാമിലെ ഏറ്റവും ശക്തരായ നാലു നേതാക്കളില്‍ പ്രധാനിയാണു ട്രോങ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല