സ്വന്തം ലേഖകൻ: ചെെനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വെെറസ് ബാധയെ പ്രതിരോധിക്കാൻ ലോക രാജ്യങ്ങളെല്ലാം കടുത്ത നടപടികളുമായി മൂന്നോട്ടാണ്. അതിനിടയിലാണ് ചെെനയിലെ വുഹാനിൽ നിന്ന് കരളലയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നത്.
വുഹാനിലെ ആരോഗ്യപ്രവർത്തകരുടെ ചിത്രമാണ് സമൂഹമാധ്യങ്ങളിൽ വെെറലാകുന്നത്. കൊറോണയെ പ്രതിരോധിക്കാൻ മുഖത്ത് മാസ്‌ക് ധരിച്ചതു മൂലം നേരിട്ട ബുദ്ധിമുട്ടുകളാണ് ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകളനുസരിച്ച് ഇവർ ആശുപത്രികളിലെ ജീവനക്കാരാണ്. 24 മണിക്കൂറും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായതിനാൽ ഏറെ സമയം മാസ്‌ക് ധരിക്കേണ്ട അവസ്ഥയാണ്. ഒരുപാട് സമയം മാസ്‌ക് ധരിക്കുന്നതുമൂലം മുഖത്തുവന്ന പാടുകൾ കാണാം.
വുഹാനിൽ ആശുപത്രിയിൽ സേവനം ചെയ്യുന്നവർ വീടുകളിലേക്കു പോലും പോകാറില്ലെന്നാണ് റിപ്പോർട്ടുകൾ. രാത്രിയിൽ ആശുപത്രിയിൽ തന്നെ കുറച്ചു സമയം കിടന്നുറങ്ങി അടുത്ത ദിവസത്തെ ഷിഫ്‌റ്റിലും കയറുന്നു. വിശ്രമമില്ലാതെ ജോലി ചെയ്യുന്നവർ നിരവധി പേരാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
പീപ്പിൾ ഡെെലി ചെെന എന്ന ട്വിറ്റർ പേജിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ചിത്രങ്ങൾ വെെറലായതിനു പിന്നാലെ നിരവധി പേരാണ് ആശുപത്രി ജീവനക്കാരെ അഭിനന്ദിച്ച് രംഗത്തെത്തിയത്. യഥാർഥത്തിൽ ഇവരാണ് മലാഖമാർ എന്ന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല