സ്വന്തം ലേഖകന്‍: ജര്‍മന്‍ വിംഗ്‌സ് വിമാന അപകടത്തെ തുടര്‍ന്ന് പൈലറ്റുമാരുടെ മാനസിക ആരോഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെ, എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മിലടിച്ചു. മാനസിക സമ്മര്‍ദ്ദം മൂലമാണ് കോ പൈലറ്റ് വിമാനത്തിന്റെ ക്യാപ്റ്റനെ മര്‍ദ്ദിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ഞായറാഴ്ച വൈകിട്ട് ജയ്പൂരില്‍ നിന്നും എയര്‍ ഇന്ത്യ 611 വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. വിമാനം പുറപ്പെടുന്നതിന് മുമ്പായി വിമാനത്തിലുള്ള യാത്രികരുടെ എണ്ണം, ഭാരം, ഇന്ധനത്തിന്റെ ഉപയോഗം തുടങ്ങിയ വിവരങ്ങള്‍ ട്രിം ഷീറ്റില്‍ രേഖപ്പെടുത്താന്‍ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടതാണ് കോ പൈലറ്റിനെ ചൊടിപ്പിച്ചത്. പ്രകോപിതനായ ഇയാള്‍ ക്യാപ്റ്റനെ ശകാരിക്കുകയും അടിക്കുകയുമായിരുന്നെന്നു.
സാധാരണയായി ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ അത് അതത് വിമാനത്താവളങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് പതിവ്. എന്നാല്‍ അങ്ങനെ ചെയ്താല്‍ വിമാനം റദ്ദാക്കുകയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുകയും ചെയ്യുമെന്നതിനാല്‍ ക്യാപ്റ്റന്‍ അതിന് തയ്യാറായില്ല. കോ പൈലറ്റ് കനത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും അയാള്‍ക്ക് വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളയാളാണെന്നും വാര്‍ത്തകളുണ്ട്.
എന്നാല്‍ കോക്ക്പിറ്റിനുള്ളില്‍ പൈലറ്റുമാര്‍ തമ്മിലടിച്ചെന്ന വാര്‍ത്ത എയര്‍ ഇന്ത്യ നിഷേധിച്ചു. ഇരുവരും തമ്മില്‍ വാഗ്വാദം മാത്രമാണ് ഉണ്ടായതെന്നും അവരത് പരിഹരിച്ചെന്നുമാണ് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചത്. ഇതോടൊപ്പം ഇരുവരേയും ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുമുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വക്താവ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല