1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2023

സ്വന്തം ലേഖകൻ: കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്താനിരുന്ന യുഎഇ സന്ദർശനം റദ്ദാക്കി. അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകളുടെ പരിപാടികളിലും പങ്കെടുക്കുന്നതിനു യുഎഇ സർക്കാരിന്റെ ക്ഷണ പ്രകാരമാണ് മുഖ്യമന്ത്രി പോകാൻ തീരുമാനിച്ചത്. മന്ത്രിമാരായ പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി വി.പി.ജോയി എന്നിവർ അടങ്ങുന്ന 9 അംഗ സംഘം ഏഴിനു പോകാൻ ആയിരുന്നു ആലോചന.

എന്നാൽ ഇത്തരം സംഗമത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ട കാര്യമില്ലെന്നും പകരം ഔദ്യോഗിക സംഘത്തെ അയച്ചാൽ മതി എന്നുമാണ് വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചിരിക്കുന്നത്. എട്ട് മുതൽ 10 വരെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിലാണ് നിക്ഷേപക സംഗമം. യുഎഇ മന്ത്രി ഡോ.താനി അഹമ്മദ് അൽ സെയൂദിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. വിദേശ രാജ്യങ്ങൾ നേരിട്ടു മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിക്കുന്നതിന്റെ അനൗചിത്യവും അനുമതി നിഷേധിക്കാൻ കാരണമായി.

പന്ത്രണ്ടാമത് വാർഷിക നിക്ഷേപക സംഗമം (എഐഎം ഗ്ലോബൽ 2023) 8ന് അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ ആരംഭിക്കും. സുസ്ഥിര സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിന് ഭാവി നിക്ഷേപ അവസരങ്ങൾ എന്ന പ്രമേയത്തിൽ നടക്കുന്ന സംഗമത്തിൽ പുതിയ വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യും. കോവിഡ് മഹാമാരിയുടെ പിടിയിൽനിന്ന് ആഗോള സമ്പദ് വ്യവസ്ഥയെ മോചിപ്പിക്കുന്നതിനുള്ള വഴികളും ആരായും.

സുസ്ഥിര, ഹരിത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളും ആവിഷ്കരിക്കും. നേരിട്ടുള്ള വിദേശ നിക്ഷേപം സുഗമമാക്കുക, വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനു സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക, സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിന് മികച്ച നയങ്ങൾ രൂപപ്പെടുത്തുക എന്നീ കാര്യങ്ങളും സജീവ പരിഗണനാ വിഷയങ്ങളാണ്.

സർക്കാർ പ്രതിനിധികൾക്കു പുറമേ വിവിധ രാജ്യങ്ങളിലെ സാമ്പത്തിക വിദഗ്ധർ, ബിസിനസ്സുകാർ, പ്രാദേശിക – രാജ്യാന്തര നിക്ഷേപകർ, ആഗോള കമ്പനികൾ, പ്രോജക്ട് ഉടമകൾ, സ്മാർട്ട് സിറ്റി, ടെക്നോളജി സേവന ദാതാക്കൾ തുടങ്ങി ഒട്ടേറെ പേർ അണിനിരക്കും. സ്റ്റാർട്ടപ്പുകൾ, ചെറുകിട, ഇടത്തരം ധനകാര്യ സ്ഥാപനങ്ങൾ, അക്കാദമിക് വിദഗ്ധർ തുടങ്ങി പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ളവർ പങ്കാളികളാകും.

നേരിട്ടുള്ള വിദേശ നിക്ഷേപം, ചെറുകിട ഇടത്തരം സംരംഭങ്ങൾ, ഭാവി നഗരങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവ ഉൾപ്പെടുന്ന കർമരേഖക്കു രൂപം നൽകും. ടൂറിസം, ഹോസ്പിറ്റാലിറ്റി, കൃഷി, ഊർജം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം, നിർമാണം, ഗതാഗതം, ലോജിസ്റ്റിക്‌സ്, ധനകാര്യം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകൾക്കാണ് ഊന്നൽ.

170 രാജ്യങ്ങളിൽ നിന്നുള്ള 12,000 പേർ സംഗമത്തിന് എത്തുമെന്നാണ് പ്രതീക്ഷ. 100ലേറെ സെഷനുകളിലായി 600ലധികം വിദഗ്ധർ പ്രസംഗിക്കും. വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന്റെയും അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ ‍മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് സമ്മേളനം‌.

അതിനിടെ ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനായി അമേരിക്ക സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബയും സന്ദർശിച്ചേക്കും. ഇതിനുള്ള ആലോചനകൾ നടക്കുന്നതായും തീയതി തീരുമാനിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ അനുമതി തേടാനിരിക്കുന്നതേയുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.