കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാഷ്ട്രീയ കേരളം കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ വിജയം. 12070 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസ് – ജേക്കബിലെ അനൂപ് ജേക്കബ് വന്‍ വിജയം നേടിയെടുത്തപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ആശ്വസിക്കാം കാരണം നേരിയ ഭൂരിപക്ഷം മാത്രമുള്ള യു.ഡി.എഫ്. സര്‍ക്കാരിന് പിറവത്ത് സീറ്റ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നെയ്യാറ്റിന്‍കരയില്‍ ഉപ തിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത് യു.ഡി.എഫിന് ആശ്വാസം നല്‍കിയിരുന്നു എങ്കിലും പിറവം നൂല്‍പ്പാലം കടക്കാനായതില്‍പ്പരം വെല്ലുവിളി ഇനിയിപ്പോള്‍ മന്ത്രിസഭയ്ക്ക് മറി കടക്കാനില്ല. ഇടതുപക്ഷത്തിനു മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ചോറ്റാനിക്കര, തിരുവാങ്കുളം പഞ്ചായത്തുകളില്‍ നേരിയ ലീഡ് മാത്രമാണ് സിപിഎം സ്ഥാനാര്‍ഥി എംജെ ജേക്കബിനു നേടാനായത് എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. മറ്റു പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ വന്‍ ഭൂരിപക്ഷത്തിലേക്ക് അനൂപ് നീങ്ങുകയായിരുന്നു.
ആദ്യ രണ്ടു റൌണ്ടുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എംജെ ജേക്കബ് 43 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് നേടിയത്. ആദ്യം എണ്ണിയ ചോറ്റാനിക്കര, തിരുവാങ്കുളം പഞ്ചായത്തുകളിലെ ആധിപത്യംകൊണ്ട് മറ്റു പഞ്ചായത്തുകളിലെ യുഡിഎഫ് മുന്നേറ്റത്തിന് തടയിടാനാകുമെന്നാണ് എല്‍ഡിഎഫ് കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചിരുന്നതുപോലെ വന്‍ നേട്ടം ഈ എല്‍ഡിഎഫ് മേഖലകളില്‍ നേടാനാകാതിരുന്നത് അവര്‍ക്ക് നിരാശയായി. തുടര്‍ന്ന് മുളന്തുരുത്തി പഞ്ചായത്തിലെ വോട്ടണ്ണല്‍ പൂര്‍ത്തിയായതോടെ അനൂപിന്റെ ഭൂരിപക്ഷം ഉയരുകയായിരുന്നു.
പിറവം ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ എല്‍ഡിഎഫ് ഏറെ പ്രതീക്ഷിച്ചിരുന്ന സഭാതര്‍ക്കം വോട്ടര്‍മാരെ ബാധിച്ചില്ലെന്നു തന്നെ വേണം മനസിലാക്കാന്‍. അനൂപ് ജേക്കബിന്‍റെ വന്‍ വിജയം ഇതു തന്നെയാണു വ്യക്തമാക്കുന്നത്. ഇരു ക്രിസ്തീയ സഭകളും അനൂപിന് അനുകൂലമായി നിലപാടെടുത്തുവെന്നു വ്യക്തം. യുഡിഎഫിലെ പടലപ്പിണക്കങ്ങള്‍ ഇത്തവണ പിറവത്ത് ഉണ്ടായില്ല എന്നതും അനൂപിന്‍റെ വിജയത്തിന്‍റെ വലിപ്പം കൂട്ടി എന്നതില്‍ സംശയമില്ല.
ചെറിയ ഭൂരിപക്ഷമുള്ള യുഡിഎഫ് സര്‍ക്കാരിനു പിറവത്തെ വിജയം അത്യന്താപേക്ഷിതമായിരുന്നു. അതിനാല്‍ യുഡിഎഫിലെ എല്ലാ ഉന്നത നേതാക്കളും പിറവം പ്രചാരണത്തില്‍ ശക്തമായ സാന്നിധ്യമായി ഉണ്ടായിരുന്നു. ഇതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഒത്തൊരുമയോടെ അനൂപിനു വേണ്ടി പ്രവര്‍ത്തിച്ചുവെന്നതും വന്‍ വിജയത്തിനു കാരണമായി. യുഡിഎഫ് തരംഗം തന്നെയാണു പിറവത്ത് കാണാനായത്.
ഇത് ഉമ്മന്‍ചാണ്ടിയുടെ വിജയം
പിറവം ഉപതെരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയം യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിജയമാണ്. പിറവം ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകുമെന്ന പ്രതിപക്ഷ വെല്ലുവിളി സധൈര്യം സ്വീകരിച്ച ഉമ്മന്‍ചാണ്ടിയുടെ വിജയം.
പിറവത്ത് മത്സരിക്കുന്നത് അനൂപ് ജേക്കബല്ല, ഉമ്മന്‍ചാണ്ടിയാണെന്ന് യു ഡി എഫ് കണ്‍വീനര്‍ പോലും പറഞ്ഞത് ഓര്‍ക്കണം. ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങളാണ് പിറവത്ത് ഇത്രയും വലിയ ഭൂരിപക്ഷമുണ്ടക്കിക്കൊടുത്തത് എന്ന് നിസംശയം പറയാം.
വളരെ കുറഞ്ഞ ഭൂരിപക്ഷത്തിന് മുന്നോട്ടുപോകുന്ന സര്‍ക്കാരാണ് യു ഡി എഫിന്‍റേത്. ഇങ്ങനെ നൂല്‍പ്പാലത്തിലൂടെ പോകുന്ന ഒരു സര്‍ക്കാരിനെ നിര്‍ഭയം മുന്നോട്ടുനയിക്കുകയാണ് ഉമ്മന്‍ചാണ്ടി. ഏത് നിമിഷവും അട്ടിമറിക്കപ്പെടാം എന്ന നിലയില്‍ നില്‍ക്കുന്ന ഒരു സര്‍ക്കാരിനെ ശക്തമായ നിലയിലേക്ക് മാറ്റിയെടുക്കുകയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്‍റെ കൌശലങ്ങളുടെ വിജയമാണ് പിറവത്ത് സംഭവിച്ചത്. ഇത് നെയ്യാറ്റികരയിലും ആവര്‍ത്തിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
പിറവത്തെ വോട്ടിങ് നില
അനൂപ് ജേക്കബ് (യുഡിഎഫ്)- 82,756
എം.ജെ. ജേക്കബ് (എല്‍ഡിഎഫ്)- 70,686
കെ.ആര്‍. രാജഗോപാല്‍ (ബിജെപി)- 3241
വര്‍ഗീസ് പി. ചെറിയാന്‍ (ജെപി) – 437
അക്കവിള സലിം (എസ്ആര്‍പി)- 142
എന്‍.ടി. സുരേഷ് കുമാര്‍ (എഐഎഫ്ബി) – 96
അരുന്ധതി (സ്വതന്ത്ര) – 281
കെ.ജി. കൃഷ്ണന്‍ കുട്ടി (സ്വതന്ത്രന്‍)- 192
ബിന്ദു ഹരിദാസ് (സ്വതന്ത്ര)- 430
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല