1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2012

എഡിറ്റോറിയല്‍

ഇടതു മുന്നണി സ്ഥാനാര്‍ഥി എം.ജെ. ജേക്കബിനു മേല്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അനൂപ് ജേക്കബ് നേടിയ തിളക്കമാര്‍ന്ന വിജയം ഇങ്ങനെ ഒറ്റ വാക്യത്തില്‍ പറഞ്ഞ് ഒതുക്കാവുന്ന ഒന്നല്ല പിറവത്തെ ജനവിധി. പിറവത്തെ ജനങ്ങള്‍ കേരള രാഷ്ട്രീയത്തിന് ചില പാഠങ്ങള്‍ നല്‍കുന്നുണ്ട് ഒപ്പം ചില മുന്നറിയിപ്പുകളും. പിറവത്ത് യുഡിഎഫ് നേതാക്കള്‍പോലും പ്രതീക്ഷിക്കാത്ത വിജയമാണ് ഉണ്ടായിരിക്കുന്നത്. 12,070 വോട്ടിന്റെ ഭൂരിപക്ഷം കണക്കുകൂട്ടലിനപ്പുറമായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നില നില്‍പ്പിന് അത്യന്താപേക്ഷിതമായ ഒന്നായിരുന്നു പിറവം ഉപതെരെഞ്ഞെടുപ്പ്.

വളരെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ ഏറുമ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടിക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു തന്‍റെ ജനങ്ങള്‍ക്ക്‌ വേണ്ടി നില നിന്നില്ലെങ്കില്‍ തനിക്കും തന്റെ മുന്നണിക്കും അത് ദോഷം ചെയ്യുമെന്ന് അതിനാല്‍ തന്നെ അദ്ദേഹം തുടക്കത്തിലെ അതിനുള്ള ശ്രമം ആരംഭിച്ചു. ഇത്തരത്തില്‍ ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായ നടപടികള്‍ കൈക്കൊള്ളുന്ന ഒരു സര്‍ക്കാര്‍ നില നില്‍ക്കേണ്ടത് കേരള ജനങ്ങളുടെ ആവശ്യമായിരുന്നു പിറവം ജനത അത് കണ്ടറിഞ്ഞു വോട്ട് ചെയ്തു.

ഒത്തു പിടിച്ചാല്‍ മലയും പോരും

പിറവത്ത് യുഡിഎഫിന്റെ വിജയത്തിന് ഒറ്റവാക്കിലൊരുത്തരമുണ്ട്- ഐക്യത്തിന്റെ വിജയം. ഇതൊരു അദ്ഭുതമൊന്നുമല്ല. ഇതിനുമുമ്പു പലതവണ ഐക്യജനാധിപത്യമുന്നണി ഐക്യത്തിന്റെ നേട്ടവും അനൈക്യത്തിന്റെ നഷ്ടവും അനുഭവിച്ചിട്ടുള്ളതാണ്. നൂറിലേറെ സീറ്റുകള്‍ നേടിയപ്പോഴും സീറ്റ് അമ്പതില്‍ താഴെയായപ്പോഴും കാരണം വ്യക്തമായിരുന്നു-ഐക്യം, ഐക്യത്തിന്റെ അഭാവം.

യുഡിഎഫില്‍ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ഐക്യവും പ്രവര്‍ത്തന വീര്യവുമായിരുന്നു തെരഞ്ഞെടുപ്പു വേളയില്‍ പിറവത്തു കാണാന്‍ കഴിഞ്ഞത്. മുന്നണിക്കുള്ളിലോ ഏതെങ്കിലും പാര്‍ട്ടിക്കുള്ളിലോ, ഒരു തരത്തിലുള്ള അസ്വാരസ്യങ്ങളും ഉണ്ടായിരുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പഠിക്കേണ്ട പാഠവും അതാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വീഴ്ചകളും പടലപ്പിണക്കങ്ങളും ഇല്ലായിരുന്നെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇതേ വിജയം കൊയ്യാമായിരുന്നു.

അന്ന് ഒരു ഡസനിലധികം മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസുകളും പരസ്പരം കാലുവാരി എന്ന കാര്യം യുഡിഎഫ് നേതൃത്വം പോലും അംഗീകരിക്കും. എന്നാല്‍ ഇക്കുറി പിറവത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു നേതൃത്വം നല്‍കിയത് കോണ്‍ഗ്രസ് ആണെന്നതും വിജയത്തിന്‍റെ തിളക്കം കൂട്ടി. വിവിധ സമുദായ സംഘടനകളുടെയും സഭാ നേതൃത്വങ്ങളുടെയും അനുഗ്രഹാശിസുകളും യുഡിഎഫിനെ തുണച്ചു.

പിറവം നല്‍കിയ പാഠം

കഴിഞ്ഞ പത്തു മാസം കൊണ്ട് ഈ സര്‍ക്കാര്‍ തുടങ്ങിവച്ച നല്ല കാര്യങ്ങള്‍ തുടരണമെന്ന ജനാഭിലാഷമാണ് പിറവത്തു പ്രതിഫലിച്ചത്. ജനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ് വ്യക്തം- ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിലനില്‍ക്കണം. സര്‍ക്കാരിന്‍റെ സമയവും ധനവും ദുര്‍വ്യയം ചെയ്തു ഭരണയന്ത്രം നിശ്ചലമാക്കി, വൃഥാവ്യവഹാരം നടത്തി കാലം കഴിക്കുന്നവര്‍ പടിക്കു പുറത്തു തന്നെ നില്‍ക്കണം. ചിലരുടെ വിടുവായത്തങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും ചുട്ട മറുപടി നല്‍കണം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ഭരണവിരുദ്ധ സമീപനം ഇക്കുറി ഭരണാനുകൂല ജനസമ്മതിയായി പരിണമിക്കുകയായിരുന്നു. നല്ല ഭരണത്തോടു നല്ല സമീപനമെന്ന സന്ദേശമാണു പിറവത്തെ വോട്ടര്‍മാര്‍ എല്ലാ പാര്‍ട്ടികള്‍ക്കും നല്‍കുന്നത്. വ്യവഹാര വീരവാദങ്ങളും വരട്ടുവാദങ്ങളും മാറ്റിവച്ച് തങ്ങളുടെ നാടിന് എന്തു നേട്ടം ഉണ്ടാകുമെന്നു മാത്രമേ വോട്ടര്‍മാര്‍ ചിന്തിച്ചുള്ളൂ. 86.3 ശതമാനമെന്ന റെക്കോഡ് പോളിങ്ങും മണ്ഡലത്തിലെ ഐക്യമുന്നണിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷവും നല്‍കുന്ന സൂചന മറ്റൊന്നുമല്ല.

ഉമ്മന്‍ ചാണ്ടിയുടെ ഭരണം

സാമൂഹ്യ ക്ഷേമരംഗത്ത് മുന്‍സര്‍ക്കാര്‍ തുടങ്ങിവച്ച മാതൃകകളെല്ലാം കുറച്ചു കൂടി മെച്ചപ്പെടുത്തുകയായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. അന്നത്തെ സര്‍ക്കാരിനു ചെയ്യാന്‍ കഴിയാതെ പോയ കൊച്ചി മെട്രൊ, വിഴിഞ്ഞം, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ ദീര്‍ഘകാല പദ്ധതികള്‍ പലതും യാഥാര്‍ഥ്യമാകുന്നു എന്ന പ്രതീക്ഷ പിറവത്തെ ജനങ്ങളെ സ്വാധീനിച്ചു. ഈ വികസന മുന്നേറ്റം തുടരട്ടെ എന്ന് അവര്‍ വിധിയെഴുതി.

അനൂപ്‌ ജേക്കബിനും ചാണ്ടി സര്‍ക്കാരിനും മുന്നറിയിപ്പ്‌

തിളക്കമാര്‍ന്ന വിജയത്തില്‍ യുഡിഎഫും അതിന്‍റെ നേതൃത്വവും അനൂപ് ജേക്കബും അമിതമായി ആഹ്ലാദിക്കുകയും അരുത്. ജനഹിതമാണ് ജനവിധിയുടെ അടിസ്ഥാനമെന്ന് ജയിച്ചവരും തോറ്റവരും തിരിച്ചറിയണം. പിറവത്തെ ജനങ്ങള്‍ തന്നെ അതു പലവട്ടം തെളിയിച്ചിട്ടുമുണ്ട്. മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവും അനൂപിന്‍റെ പിതാവുമായ ടി.എം. ജേക്കബിന് മണ്ഡലത്തില്‍ ഉണ്ടായിരുന്ന സ്വാധീനവും ജനസമ്മതിയും കുറച്ചൊന്നുമായിരുന്നില്ല.

2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം നേടിയ 12,720 വോട്ടിന്‍റെ ഭൂരിപക്ഷമാണു പിറവത്തെ റെക്കോഡ്. എന്നാല്‍ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ എം.ജെ. ജേക്കബിനോട് 150 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അതേ ഭൂരിപക്ഷത്തില്‍ പിറവത്തുകാര്‍ ടി.എം. ജേക്കബിനെ തെരഞ്ഞെടുത്തു. ജേക്കബിനോടു കാണിച്ച കാര്‍ക്കശ്യം ഇക്കുറി, മകന്‍ അനൂപിനോടു കാണിച്ചില്ല പിറവത്തുകാര്‍. അതും ഒരു മുന്നറിയിപ്പായിത്തന്നെ കാണട്ടെ, അനൂപും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും മുന്നണിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.