സ്വന്തം ലേഖകൻ: ട്രെയിൻ പാളത്തിൽ ക്രാഷ് ലാന്റിംഗ് നടത്തിയ വിമാനത്തിൽ നിന്നും പൈലറ്റ് മരണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. യുഎസിലെ ലോസ് ആഞ്ചലസിന് സമീപം പകോയ്മയിലുള്ള വൈറ്റ്മാൻ വിമാനത്താവളത്തിനടുത്തുള്ള റെയിൽവേ പാളത്തിലാണ് ചെറിയ വിമാനം ക്രാഷ് ലാന്റിംഗം ചെയ്തത്. നിയന്ത്രണം വിട്ടതോടെ വിമാനം റെയിൽ പാളത്തിൽ തന്നെ അടിയന്തിരമായി ഇറക്കുകയായിരുന്നു.
അപകടം നടക്കുന്ന സമയത്ത് പൈലറ്റ് മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് വിവരമറിഞ്ഞെത്തിയ പോലീസ് രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ ഇതേസമയം ഈ ട്രാക്കിലൂടെ മെട്രോലിങ്ക് ട്രെയിൻ വന്നുകൊണ്ടിരിക്കുകയായിരുന്നു. ഇത് മനസിലാക്കിയ ഉദ്യോഗസ്ഥർ ഉടൻ തന്നെ പൈലറ്റിനെ കോക്ക്പിറ്റിൽ നിന്നും രക്ഷിച്ച് പുറത്തേക്ക് മാറ്റി. പൈലറ്റിനെ പുറത്തേക്കെടുത്ത് നിമിഷങ്ങൾക്കകം ആ ട്രാക്കിലൂടെ വന്ന ട്രെയിൻ വിമാനത്തെ ഇടിച്ച് തെറിപ്പിച്ചു.
ഈ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. സമയോചിതമായി ഇടപെട്ട ഉദ്യോഗസ്ഥർ പൈലറ്റിന്റെ ജീവൻ രക്ഷിച്ചു എന്നുള്ള കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്. ഉദ്യോഗസ്ഥരെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ എത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല