സ്വന്തം ലേഖകൻ: വിമാനാപകടങ്ങളില്‍ മിക്കവയും സംഭവിക്കുന്നത് ലാന്‍ഡിങ് സമയത്തെന്ന് പഠന റിപോര്‍ട്ട്. 2005നും 2023 നും ഇടയില്‍ സംഭവിച്ച വ്യോമയാന അപകടങ്ങളില്‍ 53 ശതമാനം വിമാനം നിലത്തിറക്കുന്നതിനിടെ സംഭവിച്ചതാണെന്ന് ഇത് സംബന്ധിച്ച ഡാറ്റ വിശകലനം ചെയ്ത് സ്റ്റാറ്റിസ്റ്റയുടെ മാര്‍ട്ടിന്‍ ആംസ്‌ട്രോങ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ 18 വര്‍ഷത്തെ രേഖകള്‍ ആണ് പഠനവിധേയമാക്കിയത്. എയര്‍ലൈന്‍ രംഗത്തെ അംബ്രല്ല ഓര്‍ഗനൈസേഷനായ അയാട്ടയുടെ രേഖകള്‍ ആണ് ഇതിന് അവലംബമാക്കിയത്. ലാന്‍ഡിങ് ഒരു സങ്കീര്‍ണമായ പ്രക്രിയയാണ്. ഈ സമയത്താണ് പൈലറ്റുമാര്‍ ഏറ്റവുമധികം ജാഗ്രത പുലര്‍ത്തേണ്ടത്. വിവിധ ഉപകരണങ്ങള്‍, റേഡിയോ ട്രാഫിക്, പാരിസ്ഥിതിക സ്വാധീനം എന്നിവയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
ടേക്ക്ഓഫിനിടെ 8.5 ശതമാനം അപകടങ്ങള്‍ മാത്രമാണ് സംഭവിക്കുന്നത്. എങ്കിലും ഏറ്റവുമധികം അപകടം സംഭവിച്ച രണ്ടാമത്തെ സമയഘട്ടമാണിത്. ലാന്‍ഡിങിനായി എയര്‍പോര്‍ട്ടിനെ സമീപിക്കുന്ന സമയമാണ് കൂടുതല്‍ അപടമുണ്ടായ മൂന്നാംഘട്ടം. നിശ്ചിത ഉയരം കൈവരിച്ച ശേഷം ലാന്‍ഡിങിന് തയ്യാറെടുക്കുന്നത് വരെയുള്ള സമയമാണ് നാലാമത്.
അയാട്ട അംഗങ്ങള്‍ നടത്തുന്ന ഫ്‌ളൈറ്റുകളുമായി ബന്ധപ്പെട്ട ഡാറ്റയാണ് പരിശോധിച്ചതെങ്കിലും ആകെ അന്താരാഷ്ട്ര ഫ്‌ളൈറ്റുകളുടെ 94 ശതമാനമാണിത്. വിമാന അപകട വാര്‍ത്തകള്‍ തലക്കെട്ടുകളാവുന്നുണ്ടെങ്കിലും സമീപ ദശകങ്ങളില്‍ വ്യോമയാനം കൂടുതല്‍ സുരക്ഷിതമായിരിക്കുന്നുവെന്നും റിപോര്‍ട്ട് വെളിപ്പെടുത്തുന്നു.
2022ല്‍ 2.77 കോടി വിമാന യാത്രകളില്‍ 43 അപകടങ്ങള്‍ മാത്രമാണ് സംഭവിച്ചത്. അതിന്റെ ഫലമായി 158 പേര്‍ മരിച്ചു. ആഫ്രിക്ക, തെക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിമാനാപകടങ്ങള്‍ നടക്കുന്നത്. വടക്കേ ഏഷ്യയും വടക്കേ അമേരിക്കയും ഏറ്റവും സുരക്ഷിതം. കുറഞ്ഞ അപകടങ്ങളുള്ള മൂന്നാമത്തെ മേഖലയാണ് യൂറോപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല