യൂറോപ്പില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് തുടങ്ങുന്നതിന്റെ ഭാഗമായി ജര്‍മനിയുടെ ദേശീയ വിമാന സര്‍വീസായ ലുഫ്ത്താന്‍സാ എയര്‍ലൈന്‍സ് അധികൃതര്‍ കൊച്ചിയിലെത്തി പ്രാരംഭ ചര്‍ച്ച നടത്തി. കമ്പനിയുടെ സൌത്ത് ഏഷ്യ ഡയറക്ടര്‍ അക്സല്‍ ഹില്‍ഗേഴ്സ് ആണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി സിയാല്‍ അധികൃതരുമായി ചര്‍ച്ച നടത്തിയത്. സിയാല്‍ കമ്പനി ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, ട്രാവല്‍, ടൂറിസം, ഹോട്ടല്‍ തുടങ്ങിയവയുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതോടെ യൂറോപ്പില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കാന്‍ ലുഫ്ത്താന്‍സയ്ക്ക് താല്പര്യമുണ്ടെന്ന് കമ്പനി വ്യക്തമാക്കിയത് ഒരു ചിലകാലസ്വപ്നത്തിന്റെ ആദ്യത്തെ ചിറകുമുളയ്ക്കലായി.
അടുത്ത നടപടിയെന്നോണം ജര്‍മനിയില്‍ നിന്ന് ലുഫ്ത്താന്‍സായുടെ ഉന്നതതല സംഘം കൊച്ചിയിലെത്തി സിയാല്‍/സര്‍ക്കാര്‍ പ്രതിനിധികളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തുമെന്ന് ഉറപ്പായി. ഈ ചര്‍ച്ചയെ തുടര്‍ന്നായിരിയ്ക്കും സര്‍വീസ് തുടങ്ങുന്നനെക്കുറിച്ചുള്ള അന്തിമ തീരുമാനം ഉരുത്തിരിയുക. നെടുമ്പാശേരി വിമാനത്താവളത്തിലെ സൌകര്യങ്ങളും മറ്റു സംവിധാനങ്ങളും അക്സല്‍ ഹില്‍ഗേഴ്സ് കണ്ടു മനസ്സിലാക്കിയത് പദ്ധതിയുടെ ഒരു പ്ളസ് പോയിന്റായി കണക്കാക്കാം. . നിലവില്‍ യൂറോപ്പില്‍ നിന്ന് കൊച്ചിയിലേക്കും അതുപോലെതന്നെ തിരിച്ചും പ്രതിവാരം 2000/3000 ആളുകള്‍ യാത്രചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇതനുസരിച്ച് യൂറോപ്പില്‍ നിന്ന് കൊച്ചിയിലേക്ക് നിത്യേനയോ അല്ലെങ്കില്‍ ആഴ്ചയില്‍ കുറഞ്ഞത് മൂന്നു സര്‍വ്വീസെങ്കിലും നടത്താന്‍ സാധിച്ചാല്‍ യൂറോപ്യന്‍ മലയാളികളുടെ ഇതുവരെയുള്ള മുറവിളിയ്ക്ക് ഒരുപരിധിവരെ പരിഹാരമാവും.
യൂറോപ്പില്‍ നിന്നും കൊച്ചിയിലേയ്ക്ക് നേരിട്ടൊരു വിമാന സര്‍വീസിനായുള്ള അഭ്യര്‍ത്ഥനകളും മെമ്മോറാണ്ടങ്ങളും പരാതികളും അധികൃതരെ ധരിപ്പിയ്ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. വ്യക്തികളും സംഘടനകളും മറ്റുമായി നിരവധി തവണ ഇക്കാര്യം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ ബോധിപ്പിച്ചിട്ടും ഇതുവരെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നു. ലുഫ്ത്താന്‍സായുടെ മെയിന്‍ കേന്ദ്രമായ ഫ്രാങ്ക്ഫര്‍ട്ട് കൂടാതെ മെയിന്റനന്‍സ് സെന്ററായ ഹാംബുര്‍ഗ്, വെസ്റ്ഫാളിയ സംസ്ഥാനത്തിന്റെ വ്യവസായ സിരാകേന്ദ്രമായ ഡ്യൂസ്സല്‍ഡോര്‍ഫ്, ജര്‍മനിയിലെ വ്യവസായ നഗരമായ മ്യൂണിക് എന്നിവിടങ്ങളെ കേന്ദ്രീകരിച്ചായിരിയ്ക്കും സര്‍വീസ് തുടങ്ങാന്‍ സാദ്ധ്യത.
നിലവില്‍ എയര്‍ ഇന്‍ഡ്യ കൂടാതെ ഗള്‍ഫ് വിമാനക്കമ്പനികളെയാണ് യൂറോപ്യന്‍ മലയാളികള്‍ കേരളത്തിലെത്താന്‍ ആശ്രയിക്കുന്നത്. അതും ചില സമയങ്ങളില്‍ അന്യായ ടിക്കറ്റ് നിരക്കില്‍ യാത്രക്കാര്‍ സാമ്പത്തികമായി കൂടുതല്‍ മുടക്കേണ്ടിയും വരും. ഇനിയിപ്പോള്‍ ലുഫ്ത്താന്‍സായുടെ നേരിട്ടുള്ള സര്‍വീസ് തുടങ്ങിയാല്‍ യാത്രാനിരക്കില്‍ വന്‍ ഇടിവുണ്ടാകുമെന്നു തീര്‍ച്ച. കാരണം ഇതുവരെയുള്ള കുത്തകയ്ക്ക് മൂക്കുകയറിടാന്‍ സാധിയ്ക്കുമെന്നുള്ളതുകൊണ്ട് ടിക്കറ്റു നിരക്കില്‍ പ്രായോഗികമായി കുറവുവരുത്തുമെന്നും കരുതാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല