സ്വന്തം ലേഖകന്‍: ബോംബ് ഉപയോഗിച്ച് വിമാനം റാഞ്ചുമെന്ന് വീഡിയോ ഭീഷണി, നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മലയാളി അറസ്റ്റില്‍. വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് മൊബൈല്‍ ഫോണില്‍ വീഡിയോ എടുത്ത തൃശൂര്‍ അരണാട്ടുകര കരിപ്പായി വീട്ടില്‍ ക്ലിന്‍സ് വര്‍ഗീസ് (26) ആണ് നെടുമ്പാശേരി പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05 നുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് മുംബൈയിലേയ്ക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ക്ലിന്‍സ്.
ഇയാള്‍ക്കൊപ്പം സുഹൃത്തായ അജയ് മേനോനും ഉണ്ടായിരുന്നു. ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ബോര്‍ഡിങ് നടക്കവെ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് ക്ലിന്‍സ് മൊബൈല്‍ ഫോണില്‍ വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. ഹാപ്പി ബോംബ് ഉപയോഗിച്ച് ഈ വിമാനം തട്ടിക്കൊണ്ടു പോകുമെന്നായിരുന്നു വീഡിയോയിലെ സന്ദേശം. ഇക്കാര്യം വിമാനത്തിനകത്ത് ഉണ്ടായിരുന്നു സുഹൃത്തിനേയും ഇയാള്‍ അറിയിച്ചു. സംശയം തോന്നിയ സുരക്ഷാ ജീവനക്കാര്‍ ഉടന്‍ ക്ലിന്‍സിനെ പിടികൂടി.
സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി വിമാനം വിശദമായി പരിശോധിച്ച് സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം 2.05 നാണ് വിമാനത്തിന് മുംബൈയിലേക്ക് പുറപ്പെടാന്‍ കഴിഞ്ഞത്. പിടിയിലായ ക്ലിന്‍സിനെ പിന്നീട് പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു. ജെറ്റ് എയര്‍വേയ്‌സ് ഇനി ഏറെ നാളത്തേക്ക് ഇയാള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താനു സാധ്യതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല