സ്വന്തം ലേഖകന്‍: പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിച്ച് ദക്ഷിണ ധ്രുവത്തില്‍ വിമാനം ഇറക്കി. നീണ്ട പത്തു മണിക്കൂര്‍ യാത്ര ചെയ്താണ് ദക്ഷിണ ധ്രുവത്തിലെ അമുണ്ട്‌സെന്‍ സ്‌കോട്ട് റിസര്‍ച്ച് സ്‌റ്റേഷനില്‍ നിന്നും രോഗിയെ കൊണ്ടുപോകാനായി വിമാനം എത്തിയത്. 60 വര്‍ഷത്തെ ചരിത്രത്തില്‍ ദക്ഷിണധ്രുവത്തില്‍ വിമാനമിറങ്ങുന്നത് മൂന്നാം തവണയാണ്.
കരാര്‍ ജീവനക്കാരനായ ലോക്കീദ് മാര്‍ട്ടിന്‍ എന്നയാള്‍ക്ക് അത്യാവശ്യ വൈദ്യസഹായം വേണ്ടി വന്ന സാഹചര്യത്തിലാണ് വിമാനം വരുത്തിയതെന്ന് നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ കെല്ലി ഫാള്‍ക്‌നര്‍ പറഞ്ഞു. സ്‌റ്റേഷനിലെ വൈദ്യസഹായം അപര്യാപ്തമായ സാഹചര്യത്തിലാണ് പുറത്തേക്ക് കൊണ്ടുപോയത്. മെഡിക്കല്‍ വിദഗ്ദ്ധരുടെ നിര്‍ദേശം അനുസരിച്ച് കഴിഞ്ഞയാഴ്ച ആദ്യം തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു.
രോഗിക്ക് പുറമേ ഒരു പൈലറ്റ്, ഒരു സഹപൈലറ്റ്, ഫ്‌ളൈറ്റ് എഞ്ചിനീയര്‍, വൈദ്യ സഹായത്തിനായി ഒരാള്‍. ഇത്രയും പേരാണ് ചരിത്രദൗത്യത്തില്‍ പങ്കാളികളായത്. സാധാരണഗതിയില്‍ ഇരുട്ടും തണുപ്പും കൂടുതലായി അപകടസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഫെബ്രുവരി മുതല്‍ ഒക്‌ടോബര്‍ വരെ ഇവിടെ വിമാനം ഉപയോഗിക്കാറില്ല. ബുധനാഴ്ച ഇവിടെ മൈനസ് 75 ഡിഗ്രിയായിരുന്നു തണുപ്പ്. സെപ്തംബര്‍ മുതല്‍ ഇതുവരെ ഇവിടെ സൂര്യപ്രകാശം എത്തിയിട്ടില്ല.
ബാറ്ററി, ഹൈഡ്രോളിക്‌സ്, ഇന്ധനം തുടങ്ങിയ ചൂടാകുന്നതുമായി ബന്ധപ്പെട്ട അനേകം പ്രശ്‌നങ്ങളെ അതിജീവിച്ചാണ് വിമാനം ഇവിടെ ഇറങ്ങിയതും പറന്നുയര്‍ന്നതും. 1999 ന് ശേഷം അമുന്‍ഡ് സ്‌കോട്ട് സ്‌റ്റേഷനില്‍ നിന്നും ഒഴിപ്പിക്കല്‍ നടന്നിട്ടുള്ളത് ഇതിന് മുമ്പ് വെറും രണ്ടു പ്രാവശ്യമാണ്. 2001 ലും 2003 ലും. ദക്ഷിണ ധ്രുവത്തില്‍ സ്‌റ്റേഷന്‍ തുടങ്ങിയത് 1956 ലായിരുന്നു. വാനനിരീക്ഷണം, ഭൗതീകശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം എന്നിവയെക്കുറിച്ചുള്ള പഠനങ്ങളാണ് പ്രധാനമായും ഇവിടെ നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല