ന്യൂയോര്‍ക്കിലെ ലഗ്വാര്‍ഡിയാ എയര്‍പോര്‍ട്ടില്‍ യാത്രാ വിമാനം റണ്‍വെയില്‍നിന്ന് തെന്നി മാറി അപകടം. പ്രാദേശിക സമയം 11 മണിക്ക് നടന്ന സംഭവത്തില്‍ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരുക്കേറ്റിട്ടില്ല. റണ്‍വെയില്‍നിന്ന് ദൂരത്തേക്ക് തെന്നിമാറിയ ഡെല്‍റ്റാ എംഡി-88 എന്ന വിമാനം വിമാനത്താവളത്തിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചുകയറിയാണ് നിന്നത്. മംഗലാപുരത്ത് ഉള്‍പ്പെടെ റണ്‍വെയില്‍നിന്ന് വിമാനം തെന്നി മാറി വന്‍ ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. വേലിക്കെട്ടില്‍ കയറി വിമാനം നിന്നതിനാല്‍ ദുരന്തം ആവര്‍ത്തിക്കപ്പെടുന്നത് ഒഴിവായി.
ന്യൂയോര്‍ക്കില്‍ ഇന്ന് രാവിലെ മുതല്‍ കനത്ത മഞ്ഞ് വീഴ്ച്ച അനുഭവപ്പെടുന്നുണ്ട്. സ്‌നോ സ്‌റ്റോമില്‍ ന്യൂയോര്‍ക്കിലെ വഴികളും വിമാനത്താവളത്തിലെ റണ്‍വെയും മഞ്ഞ് പുതഞ്ഞ് കിടക്കുകയായിരുന്നു. അറ്റ്‌ലാന്റയില്‍നിന്ന് ലഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനം വേഗത കുറഞ്ഞ ശേഷമാണ് റണ്‍വെയില്‍നിന്ന് തെന്നി മാറിയത്. മഞ്ഞില്‍ വിമാനത്തിന്റെ വീലുകള്‍ തെന്നി നിയന്ത്രണം വിടുകയും റണ്‍വെയ്ക്ക് പുറത്തേക്ക് പോകുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചെന്ന് ഡെല്‍റ്റാ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. എയര്‍ക്രാഫ്റ്റിന്റെ സ്ലൈഡുകളിലൂടെയാണ് ആളുകളെ പുറത്തെത്തിച്ചത്. പിന്നീട് ബസില്‍ കയറ്റി ടെര്‍മിനലില്‍ എത്തിച്ചു.
അപകടത്തെ തുടര്‍ന്ന് വിമാനത്താവളം നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. വൈകിട്ട് ഏഴുമണിയോടെ വിമാനത്താവളം തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങുമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് വിമാനത്തിന്റെ ഇന്ധന ടാങ്കില്‍നിന്ന് ഇന്ധം ചോര്‍ന്ന് ഒലിക്കുന്നുണ്ടായിരുന്നെന്ന് പോര്‍ട്ട് അഥോറിറ്റി ഓഫ് ന്യൂയോര്‍ക്ക് ആന്‍ഡ് ന്യൂജേഴ്‌സി ജൊ പെന്റാന്‍ജലോ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല