ഓസ്‌ട്രേലിയയില്‍, ആകാശ ഊഞ്ഞാലില്‍ ചെറുവിമാനംമൂക്കുകുത്തി വീണ് രണ്ടുകുട്ടികള്‍ ഊഞ്ഞാല്‍ ചക്രത്തിലും രണ്ടുപേര്‍ വിമാനത്തിലും മണിക്കൂറുകളോളം കുരുങ്ങിക്കിടന്നു. സിഡ്‌നിക്കു സമീപമുള്ള ഓള്‍ഡ് ബാര്‍ ഗ്രാമത്തില്‍ ആഘോഷങ്ങള്‍ക്കിടെയിലാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം. പ്രദേശവാസികളെ മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. രണ്ടുപേര്‍ മാത്രമുണ്ടായിരുന്ന ചീറ്റാ വിമാനമാണ് ‘ഫെറിസ് വീല്‍’ എന്നറിയപ്പെടുന്ന യന്ത്ര ഊഞ്ഞാലിലേക്ക് നിയന്ത്രണം വിട്ടു കൂപ്പുകുത്തിയത്.
ഈ സമയം ഊഞ്ഞാല്‍ ചക്രത്തിന്റെ മുകള്‍ഭാഗത്ത് രണ്ടു കുട്ടികളുണ്ടായിരുന്നു. താഴേക്കുപതിക്കാതെ വിമാനവും യാത്രികരും ഊഞ്ഞാലിന്റെ കമ്പികള്‍ക്കിടയില്‍ കുട്ടികള്‍ക്കൊപ്പം കുടുങ്ങി. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളിലായിരുന്നു നാലുപേരും ആ സമയം. വിമാനത്തില്‍ നിന്ന് ഇന്ധനം ചോരാന്‍ ആരംഭിച്ചത് ആശങ്ക വര്‍ധിപ്പിച്ചു. രക്ഷാപ്രവര്‍ത്തകര്‍ പതചീറ്റിച്ച് പൊട്ടിത്തെറി ഒഴിവാക്കി.
ഊഞ്ഞാലിലുണ്ടായിരുന്ന ഒന്‍പതുവയസ്സുകാരനെയും 13 വയസ്സുകാരിയെയും ഒന്നരമണിക്കൂറിനു ശേഷം ഊഞ്ഞാല്‍ ചക്രത്തില്‍ നിന്ന് സാഹസികമായി രക്ഷപ്പെടുത്തി. പിന്നെയും ഒന്നരമണിക്കൂര്‍ കഴിഞ്ഞാണ് 53 വയസ്സുകാരന്‍ പൈലറ്റിനെയും 32 വയസ്സുള്ള യാത്രക്കാരനെയും രക്ഷപ്പെടുത്തിയത്. അപകടം സംബന്ധിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല