സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, ജനപ്പെരുപ്പം ഇങ്ങനെ ഉള്ളതും ഇല്ലാത്തതുമായ നിരവധി കാരണങ്ങള്‍ നിരത്തി ബ്രിട്ടനും ഒപ്പം മറ്റു യൂറോപ്യന്‍ രാജ്യങ്ങളും കുടിയേറ്റകാരെ പരമാവധി പടിക്ക് പുറത്താക്കി നിര്‍ത്തുമ്പോഴും ഓസ്ട്രേലിയയെ പോലുള്ള രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറി ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന നേഴ്സുമാര്‍, മറ്റു വിദഗ്ത തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.
ഈ പ്രതീക്ഷയും അസ്തമിക്കുകയാണ്. കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കിയും അതിനോടനുബന്ധിച്ചുള്ള നടപടികളുടെ സമയം വര്‍ധിപ്പിച്ചും ഓസ്ട്രേലിയയിലേക്കുള്ള വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റത്തിനുള്ള വീസാചട്ടങ്ങളില് വ്യാപകമായ മാറ്റം വരുത്താന്‍ പോകുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. പുതിയ പരിഷ്കാരങ്ങള്‍ ജൂലൈ മുതല്‍ നിലവില്‍ വരും.
അതുകൊണ്ട് വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റത്തിനുള്ള നിലവിലുള്ള വീസാചട്ടങ്ങള്‍ പ്രകാരം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം അപേക്ഷാ സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിന് വൈദഗ്ധ്യം തെളിയിക്കുന്നതിനുള്ള അസസ്മെന്റിന് തയാറെടുക്കണം. എമിഗ്രേഷന്‍ അപേക്ഷ നല്‍കുന്നതിനുമുമ്പ് ഇംഗ്ലീഷ് ടെസ്റ്റ് പാസായിരിക്കുകയും വേണം.
പുതുതായി ഏര്‍പ്പെടുത്തുന്ന സ്കില്‍ഡ് മൈഗ്രന്റ് സെലക്ഷന് രജിസ്റ്റര്‍ ചെയ്യുന്നതിന് ആദ്യം താല്പര്യപത്രം (എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ) സമര്‍പ്പിക്കണം. സ്കില്‍ സെലക്ഷന് രണ്ടുഘട്ടങ്ങളുള്ള ഇലക്ട്രോണിക് സംവിധാനമാണ്. ഓണ്‍ലൈനായി നല്കപ്പെടുന്ന താത്പര്യപത്രത്തിലൂടെ വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റത്തിനുള്ള ക്ലയിമും സമര്പ്പിക്കപ്പെടേണ്ടതുണ്ട്. താല്പര്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ വീസയ്ക്ക് അപേക്ഷ നല്കാന് ക്ഷണിക്കും.
നിലവിലുള്ള എമിഗ്രേഷന്‍ സമ്പ്രദായവുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്യമായ മാറ്റങ്ങള്‍ പുതിയ സംവിധാനത്തിലുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. പുതിയ സ്കീമില്‍ ആവശ്യമായ പോയിന്റുകള്‍ മാത്രം നേടിയാല്‍ പോരാ, അപേക്ഷ നല്കാന് ഒരുവന് ഓസ്ട്രേലിയന്‍ എമിഗ്രേഷന്‍ അനുമതി നല്‍കുമോ ഇല്ലയോ എന്നതും നിര്‍ണായകമാണ്.
പുതിയ ചട്ടങ്ങള്‍ പ്രകാരം താത്പര്യപത്രങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ഓഗസ്റ്റ് മുതല്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള ക്ഷണമെത്തും. താല്പര്യപത്രങ്ങളിലെ ഉള്ളടക്കത്തിന്റെ അടിസ്ഥാത്തില്‍ നിശ്ചയിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദേശമെത്തുക. ബ്രിട്ടനെപ്പോലെ തന്നെ സ്വദേശിയര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കി കൊടുക്കുന്നതിന്റെ ഭാഗമായാണ് ഓസ്ട്രേലിയയും കുടിയേറ്റം നിയന്ത്രിക്കാന്‍ ഒരുങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല