സ്വന്തം ലേഖകന്‍: പ്ലാസ്റ്റിക്കിനോട് ‘കടക്ക് പുറത്ത്’ പറഞ്ഞ് കെനിയ, നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ നാലു വര്‍ഷം അഴിയെണ്ണാം. രാജ്യത്ത് പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് കര്‍ക്കശ നിയമം കൊണ്ടുവന്നതോടെ വിലക്ക് ലംഘിക്കുന്നവര്‍ക്ക് 38,000 ഡോളര്‍ (ഏകദേശം 24 ലക്ഷം രൂപ) പിഴയോ പരമാവധി നാലു വര്‍ഷം തടവോ ശിക്ഷ ലഭിക്കും. കെനിയന്‍ തലസ്ഥാന നഗരമായ നൈറോബിയില്‍ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിയതോടെയാണ് സര്‍ക്കാര്‍ കടുത്ത നടപടിയുമായി എത്തിയത്.
ദ്രവിക്കാത്ത പ്‌ളാസ്റ്റിക് ബാഗുകള്‍ നിര്‍മിക്കുന്നവര്‍ക്കും ഇറക്കുമതി ചെയ്യുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും കനത്ത ശിക്ഷയാണു പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. നിര്‍മാതാക്കളെയായിരിക്കും ആദ്യം പിടികൂടുകയെന്ന് കെനിയന്‍ പരിസ്ഥിതി മന്ത്രി പറഞ്ഞു. വ്യവസായ ആവശ്യത്തിനുള്ള ബാഗുകളെ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി. പ്രതിവര്‍ഷം പത്തുകോടി പ്ലാസ്റ്റിക് ബാഗുകളാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും മറ്റുമായി ഉപയോക്താക്കളുടെ പക്കല്‍ എത്തുന്നത്.
ഇവ അവിടെയും ഇവിടെയും വലിച്ചെറിയുന്നതുമൂലം പരിസ്ഥിതി പ്രശ്‌നമുണ്ടാവുന്നു. ഓടകള്‍ അടയുന്നു. കൂടാതെ പ്ലാസ്റ്റിക് ദ്രവിച്ചു മണ്ണില്‍ച്ചേരാന്‍ 500 മുതല്‍ 1000വര്‍ഷം വരെഎടുക്കും. കെനിയയില്‍ പ്രതിവര്‍ഷം 10 കോടി പ്ലാസ്റ്റിക് കവറുകള്‍ പ്രതിവര്‍ഷം സൂപര്‍മാര്‍ക്കറ്റുകള്‍ വഴി വിതരണം ചെയ്യപ്പെടുന്നുവെന്നാണ് കണക്ക്. കാമറൂണ്‍, ഗിനിയ ബിസാവു, മാലി, ടാന്‍സാനിയ, ഉഗാണ്ട, ഇത്യോപ്യ, മൗറിത്താനിയ, മലാവി തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പ്ലാസ്റ്റിക്കിന് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല