സ്വന്തം ലേഖകൻ: കർണാടക സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രിയെ മസ്തിഷ്‌കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലണ്ടനിലെ ഹോട്ടലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ജയശ്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ ശസ്ത്രക്രിയ നടത്തിയെങ്കിലും നിലവിൽ കോമയിലാണെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം രാത്രി കഴുത്ത് വേദനയുണ്ടെന്ന് പറഞ്ഞിരുന്നതായാണ് റിപ്പോർട്ടുകൾ. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിക്കാനെത്താതിനെ തുടർന്നാണ് മുറിയിലെത്തി ഹോട്ടൽ ജീവനക്കാർ പരിശോധന നടത്തിയത്. ബോധരഹിതയായി നിലത്ത് വീണു കിടന്നിരുന്ന ജയശ്രീയെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇംഗ്ലണ്ടിലെ ലിവർപൂളിൽ ഒരു പൊതുചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജയശ്രീ. ലിവർപൂൾ യൂണിവേഴ്‌സിറ്റിയിലെ യോക്കോ ഒനോ ലെനൺ സെന്ററിലെ ടംഗ് ഓഡിറ്റോറിയത്തിലായിരുന്നു സംഗീത കച്ചേരി നടക്കേണ്ടിയിരുന്നത്.
ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായാൽ നാട്ടിലേക്ക് തിരികെ എത്തിക്കുന്നതുൾപ്പെടെ പരിഗണനയിലാണെന്ന് അവരോട് അടുത്ത വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല