സ്വന്തം ലേഖകന്‍: അറുപതുകളിലെ യുവത്വത്തെ കോരിത്തരിപ്പിച്ച പ്ലേബോയ് മാസികയുടെ സ്ഥാപകന്‍ ഹ്യൂഗ് ഹെഫ്നര്‍ അന്തരിച്ചു. 91 വയസായിരുന്നു. കലിഫോര്‍ണിയയിലെ പ്ലേബോയ് മാന്ഷന് വസതിയില്‍ ആയിരുന്നു അന്ത്യമെന്ന് പ്ലേബോയ് എന്റര്‍പ്രൈസസ് പ്രസ്താവനയില്‍ അറിയിച്ചു. 1953 ലാണ് ഹ്യൂഗ് അമേരിക്കയില്‍ പ്ലേബോയ് കമ്പനി സ്ഥാപിച്ചത്. ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ മാധ്യമ സ്ഥാപനങ്ങളില്‍ ഒന്നായി ഇതിനെ വളര്‍ത്തിയെടുത്തത് ഹ്യൂഗായിരുന്നു.
മാധ്യമ, സാംസ്കാരിക മേഖലയില്‍ വേറിട്ട വഴി വെട്ടിത്തെളിച്ച പിതാവ് ഏറെ അസാധാരണവും സമ്മര്‍ദ്ദമുള്ളതുമായ ജീവിതമാണ് നയിച്ചതെന്ന് മകനും പ്ലേബോയ് എന്റര്‍പ്രൈസസ് ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ കൂപ്പര്‍ പറഞ്ഞു. സംസാര സ്വാതന്ത്ര്യം, പൗരാവകാശങ്ങള്‍, ലൈംഗിക സ്വാതന്ത്ര്യം തുടങ്ങിയ മേഖലകളില്‍ എല്ലാം മുഖ്യശബ്ദമാകാന് അദ്ദേഹത്തിന് കഴിഞ്ഞുവെന്നും കൂപ്പര്‍ ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തിനും പ്ലേബോയ് എന്റര്‍പ്രൈസസിനും തീരാനഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ ലക്കത്തില്‍ ഹോളിവുഡിന്റെ എക്കാലത്തെയും രോമാഞ്ചമായിരുന്ന സാക്ഷാല്‍ മര്ലിന് മണ്‍റോയുടെ കവര്‍ ചിത്രവുമായി പുറത്തിറങ്ങിയ പ്ലേബോയ് അഡള്‍ട്ട് മാസികകളില്‍ പുതിയ തരംഗം തീര്‍ത്തു. അറുപതുകള്‍ ആകുമ്പോഴേക്കും അമേരിക്കയില്‍ ഏറ്റവും പ്രചാരമുള്ള ലൈഫ് സ്റ്റൈല്‍ മാസികയായി പ്ലേബോയെ മാറ്റാന്‍ ഹ്യൂഗിനു കഴിഞ്ഞു.
പ്ലേബോയുടെ താളുകളിലെ ചിത്രങ്ങള്‍ പോലെ എരിവും പുളിയും നിറഞ്ഞതായിരുന്നു ഹ്യൂഗിന്റെ സ്വകാര്യ ജീവിതവും. ഒരേ സമയം ഏഴോളം സ്ത്രീകളുമായി ഡേറ്റിങും തൊണ്ണൂറാം വയസ്സിലും യുവതികളായ മോഡലുകള്‍ക്കൊപ്പം ആഘോഷങ്ങളും ഒക്കെയായി ശരിക്കും പ്ലേബോയ് തന്നെയായിരുന്നു ഹ്യൂഗ്. ടെലിവിഷന്‍, റസ്റ്ററന്റ് എന്നിവയ്ക്കു പുറമെ പ്ലേബോയ് ബ്രാന്‍ഡില്‍ വിവിധ ഉല്പന്നങ്ങളും കമ്പനി പുറത്തിറക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല