സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയെ പുറത്താക്കാന്‍ എംപിമാര്‍ ഗൂഡാലോചന നടത്തിയതായി റിപ്പോര്‍ട്ട്; മേയ്ക്ക് ഇയു ചായ്‌വ് കൂടുതലെന്ന് ആരോപണം. ബ്രെക്‌സിറ്റ് അനുകൂല എം.പിമാര്‍ പ്രധാനമന്ത്രി തെരേസ മേയെ പുറത്താക്കാന്‍ നീക്കം നടത്തിയതായാണ് റിപ്പോര്‍ട്ട്. ബ്രെക്‌സിറ്റാനന്തരം യൂറോപ്യന്‍ യൂനിയനില്‍നിന്ന് പൂര്‍ണമായുള്ള വിടുതല്‍ വേണമെന്ന് വാദിക്കുന്ന കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ ചില എം.പിമാരാണ് നീക്കത്തിനു പിന്നില്‍.
ഇയു അനുകൂല നിലപാടുമായി മുന്നോട്ടുപോകാനാണ് മേയ് ശ്രമിക്കുന്നതെങ്കില്‍ ഭരണം അട്ടിമറിക്കാനാണ് അവര്‍ ലക്ഷ്യമിട്ടതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ യൂനിയനുമായി നികുതിയില്ലാതെ സാധനങ്ങളുടെ വ്യാപാരബന്ധം പുലര്‍ത്തുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. എന്നാല്‍, മറ്റു രാജ്യങ്ങള്‍ക്ക് ഇത് ബാധകമാവില്ല. അതേസമയം, മറ്റുരാജ്യങ്ങളുമായും ഇത്തരത്തിലുള്ള വ്യാപാരബന്ധം വേണമെന്നാണ് എം.പിമാരുടെ ആവശ്യം.
വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലാണ് അട്ടിമറിക്കു പദ്ധതിയിട്ടതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മേയ് പുറത്താകുന്നതോടെ അധികാരത്തിലെത്തുമെന്ന് കരുതപ്പെടുന്ന നേതാവാണ് ബോറിസ് ജോണ്‍സണ്‍. കൂടാതെ പരിസ്ഥിതി സെക്രട്ടറിയായ മൈക്കിള്‍ ഗോവിന്‍ ഉപപ്രധാനമന്ത്രിയാകുമെന്നും അഭ്യൂഹമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല