![](https://www.nrimalayalee.com/wp-content/uploads/2021/09/PM-Modi-Cover-Pic-New-York-Times.jpg)
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ചേർത്ത് തങ്ങളുടെ വ്യാജ മുഖചിത്രം പ്രചരിച്ച വിഷയത്തിൽ വിശദീകരണവുമായി ന്യൂയോർക്ക് ടൈംസ്.
“വ്യാജമായി നിർമ്മിക്കപ്പെട്ട അനേകം ചിത്രങ്ങളിൽ ഒന്നാണ് ഇത്. ഫോട്ടോഷോപ്പ് ചെയ്യപ്പെട്ട ഇത്തരം ചത്രങ്ങൾ പ്രചരിപ്പിക്കുന്നത് നേരും സത്യസന്ധ്യവുമായ വാർത്തകൾ അങ്ങേയറ്റം ആവശ്യമായ ഒരു കാലത്ത് തെറ്റായ വിവരങ്ങൾ പ്രചരിക്കാൻ കാരണമാകും,“ ന്യൂയോർക്ക് ടൈംസിന്റെ പബ്ലിക് റിലേഷൻ വിഭാഗം ട്വിറ്ററിൽ കുറിച്ചു.
ഒരു അന്താരാഷ്ട്ര ദിനപത്രത്തിന് ഇത്തരമൊരു വിശദീകരണം നൽകേണ്ടി വന്നത് രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് പ്രമുഖ മാധ്യമപ്രവർത്തക റാണ അയ്യൂബ് പറഞ്ഞു. നമ്മുടെ രാഷ്ട്രീയക്കാരുടെ ഫോട്ടോഷോപ്പ് കഴിവുകൾ ലോകമറിഞ്ഞുവെന്നും അവർ പരിഹസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് ന്യൂയോർക്ക് ടൈംസ് അദ്ദേഹത്തെ അഭിനന്ദിച്ച് നൽകിയതാണെന്ന് പറഞ്ഞാണ് വ്യാജ മുഖചിത്രം പ്രചരിച്ചത്. ഗുജറാത്ത് മുൻ മന്ത്രി അടക്കം നിരവധി പേർ ഈ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ലോകത്തിന്റെ അവസാനത്തെയും മികച്ചതുമായ പ്രതീക്ഷയാണ് മോദിയെന്ന് പത്രം വിശേഷിപ്പിക്കുന്നതായിട്ടാണ് വ്യാജചിത്രം. ലോകത്തിലെ ഏറ്റവും സ്നേഹിക്കപ്പെടുന്നതും ശക്തനുമായ നേതാവ് നമ്മെ അനുഗ്രഹിക്കാൻ എത്തിയിരിക്കുന്നു എന്നും തലക്കെട്ടിൽ പറയുന്നുഎന്നാൽ, ചിത്രം വ്യാജമാണെന്ന് ഫാക്റ്റ് ചെക്കിങ് മാധ്യമങ്ങൾ പുറത്ത് കൊണ്ടുവരികയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല