സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര നദീജല ടൂറിസം സവാരി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നിന്ന് പുറപ്പെടുന്ന എം.വി.ഗംഗാ വിലാസ് ക്രൂയിസിലുള്ള യാത്ര വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
32 സ്വസ് വിനോദ സഞ്ചാരികളുമായി വരാണസിയില്‍ നിന്ന് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഡിലേക്കാണ് യാത്ര. അഞ്ച് സംസ്ഥാനങ്ങളിലൂടെയും ബംഗ്ലാദേശിലൂടെയുമായി 3200 കിലോമീറ്റര്‍ യാത്ര 51 ദിവസം കൊണ്ടാണ് പൂര്‍ത്തീകരിക്കുക. ഇത്രയും ദിവസം യാത്ര ചെയ്യുന്നതിന് ഒരാള്‍ക്ക് 12.5 ലക്ഷത്തോളം രൂപയാണ് ടിക്കറ്റ് നിരക്ക്.
നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതും നിങ്ങളുടെ ഭാവനയ്ക്കപ്പുറമുള്ളതും ഇന്ത്യയിലുണ്ടെന്ന് യാത്രയ്‌ക്കൊരുങ്ങിയ വിദേശ സഞ്ചാരികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
‘നിങ്ങളുടെ സങ്കല്‍പ്പങ്ങളിലുള്ളതെല്ലാം ഇന്ത്യയിലുണ്ട്. നിങ്ങളുടെ സങ്കല്‍പ്പങ്ങള്‍ക്കപ്പുറമുള്ളതും ഇവിടെയുണ്ട്. ഇന്ത്യയെ വാക്കുകളില്‍ നിര്‍വചിക്കാനാവില്ല. ഇന്ത്യ എല്ലാവര്‍ക്കുമായി അതിന്റെ ഹൃദയം തുറന്നിട്ടതിനാല്‍ ഹൃദയത്തില്‍ നിന്ന് മാത്രമേ ഇന്ത്യയെ അനുഭവിക്കാന്‍ കഴിയൂ’ പ്രധാനമന്ത്രി പറഞ്ഞു.
100 കോടിയുടെ ഉള്‍നാടന്‍ ജലഗതാഗത പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഇത് കിഴക്കന്‍ ഇന്ത്യയില്‍ വ്യാപാരവും വിനോദസഞ്ചാരവും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുമെന്ന് മോദി പറഞ്ഞു. 24 സംസ്ഥാനങ്ങളിലായി 111 ദേശീയ ജലപാതകള്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല