സ്വന്തം ലേഖകൻ: ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഫ്രാന്‍സിലെ സിവിലിയന്‍-സൈനിക ബഹുമതികളില്‍ ഏറ്റവും ഉന്നതമായ ‘ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലിജിയന്‍ ഓഫ് ഓണറാ’ണ് മോദിക്ക് സമ്മാനിച്ചത്.
പാരീസിലെ എലിസി കൊട്ടാരത്തില്‍ നടന്ന സ്വകാര്യ അത്താഴവിരുന്നിന് ശേഷമാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുരസ്‌കാരം കൈമാറിയത്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
ഫ്രാന്‍സിന് സാംസ്‌കാരികമോ സാമ്പത്തികമോ ആ സേവനങ്ങള്‍ നല്‍കുക, അല്ലെങ്കില്‍ മനുഷ്യാവകാശങ്ങള്‍, മാധ്യമ സ്വാതന്ത്ര്യം, മാനുഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവ പോലുള്ളതിനെ പിന്തുണയ്ക്കുക തുടങ്ങിയവയാണ് വിദേശികളായ വ്യക്തികളെ ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിക്ക് അർഹമാക്കുന്നത്. നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി വിദേശ നയങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കും ഇത്തരത്തില്‍ ക്രോസ് ഓഫ് ദി ലിജിയന്‍ ഓഫ് ഓണര്‍ സമ്മാനിക്കും.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തിയത്. വെള്ളിയാഴ്ച നടക്കുന്ന ഫ്രാന്‍സിന്റെ ദേശീയദിനാഘോഷത്തില്‍ (ബാസ്റ്റീല്‍ ദിനം) മോദിയാണ് മുഖ്യാതിഥി. കര, വ്യോമ, നാവിക സേനകളില്‍നിന്നായുള്ള ഇന്ത്യയുടെ 269 അംഗ സൈനികയൂണിറ്റ് ദേശീയദിനപരേഡില്‍ പങ്കെടുക്കുന്നുണ്ട്. ഫ്രഞ്ച് യുദ്ധവിമാനങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ വ്യോമസേനയുടെ മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങളും ആകാശത്ത് അണിനിരക്കും.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി മോദി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധമേഖലയിലെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതടക്കം ചര്‍ച്ചയാകും. ചര്‍ച്ചയ്ക്കുശേഷംപ്രതിരോധരംഗത്തേതുള്‍പ്പെടെ സുപ്രധാനകരാറുകളുടെ പ്രഖ്യാപനമുണ്ടാകും.
‘ഇന്ത്യയും ഫ്രാന്‍സും വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും 25 വര്‍ഷത്തെ തന്ത്രപരമായ പങ്കാളിത്തം ആഘോഷിക്കുന്നു, അത് കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്നു’, പ്രധാനമന്ത്രിയെ സ്വീകരിച്ചുകൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല