സ്വന്തം ലേഖകൻ: നാവിക സേനയ്ക്കുവേണ്ടി 26 റഫാല്‍ യുദ്ധവിമാനങ്ങളും മൂന്ന് സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളും ഫ്രാന്‍സില്‍നിന്ന് വാങ്ങാനൊരുങ്ങി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ ഫ്രഞ്ച് സന്ദര്‍ശനത്തിനിടെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. 22 റഫാല്‍ മറൈന്‍ എയര്‍ക്രാഫ്റ്റുകളും നാല് പരിശീലന വിമാനങ്ങളും നാവികസേനയ്ക്കുവേണ്ടി വാങ്ങും.
ഇന്ത്യന്‍ മഹാസമുദ്രത്തിലടക്കം നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് അടിയന്തരമായി ഇവ വാങ്ങണമെന്ന ആവശ്യമാണ് നാവികസേന മുന്നോട്ടുവച്ചിരിക്കുന്നത് എന്നാണ് വിവരം. ഐഎന്‍എസ് വിക്രമാദിത്യയിലും വിക്രാന്തിലും മിഗ് 29-ന് പകരം റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്
90,000 കോടിയോളം രൂപ ഏറ്റെടുക്കലിന് ചെലവുവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കരാര്‍ വ്യവസ്ഥകള്‍ക്ക് അന്തിമരൂപമാകുന്നതോടെ മാത്രമെ ഇക്കാര്യത്തില്‍ പൂര്‍ണമായ വ്യക്തതയുണ്ടാകൂ. പ്രതിരോധ മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തില്‍ കരാര്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയശേഷം വിഷയം ദിവസങ്ങള്‍ക്കകം ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന് മുന്നില്‍വെക്കും. ജൂലായ് 13, 14 തീയതികളിലാണ് പ്രധാനമന്ത്രി മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല