സ്വന്തം ലേഖകൻ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത വര്‍ധിച്ചുവരുന്നതായും ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും യുഎസ് ഇന്റലിജന്‍സ് കമ്മ്യൂണിറ്റി റിപ്പോര്‍ട്ട്. ഇന്ത്യ – ചൈന സംഘര്‍ഷത്തിനുള്ള സാധ്യതയും ഇന്റലിജന്‍സ് പറഞ്ഞുവെച്ചു. മോദിയുടെ കീഴില്‍ ഇന്ത്യ, പാക് പ്രകോപനങ്ങള്‍ക്കെതിരെ കൂടുതല്‍ സൈനിക ശക്തി ഉപയോഗിച്ച് മറുപടി നല്‍കുന്നുണ്ടെന്നും യുഎസ് വ്യക്തമാക്കി.
യുഎസ് ഇന്റലിജന്‍സിന്റെ ഭീഷണി വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ സംഘര്‍ഷ സാധ്യത പരാമര്‍ശിക്കുന്നത്. റിപ്പോര്‍ട്ട് ഇന്റലിജന്‍സ് വിഭാഗം യുഎസ് കോണ്‍ഗ്രസിനുമുന്‍പില്‍ സമര്‍പ്പിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകളടക്കമുള്ള കാര്യങ്ങള്‍ക്ക് ഇരുരാജ്യങ്ങളും തയ്യാറാവുന്നുണ്ടെങ്കിലും സ്ഥിതി ശാന്തമല്ല. 2020-ലെ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തിന്റെ അസ്വസ്ഥതകള്‍ ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യ – പാക് ബന്ധത്തിലും യുഎസ് ഇന്റലിജന്‍സ് ആശങ്ക പ്രകടിപ്പിച്ചു. നിലവില്‍ സ്ഥിതി ശാന്തമാണെങ്കിലും ഏത് സമയവും ആക്രമണം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കുന്നു. പാകിസ്താനെ സംബന്ധിച്ച്, തീവ്രവാദസംഘങ്ങളെ പിന്തുണക്കുന്നതിന്റെ ദീര്‍ഘമായ ചരിത്രമുണ്ട്. ഇന്ത്യയാണെങ്കില്‍ മുന്‍പത്തേതിനേക്കാള്‍ മറുപടി നല്‍കുന്ന രാജ്യമായി മാറുകയും ചെയ്തു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഈ അസ്വസ്ഥത ഏത് സമയവും ഒരു തര്‍ക്കത്തിലേക്ക് നയിച്ചേക്കാമെന്നും യുഎസ് ഇന്റലിജന്‍സ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല