സ്വന്തം ലേഖകൻ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിച്ചു; രാജ്യത്തിന്റെ സമുദ്രാതിര്‍ത്തികള്‍ക്കു കവചമായി വിക്രാന്ത് വന്നതോടെ ലോകത്തിലെത്തന്നെ ഏറ്റവും വലിയ നാവികശക്തികളിലൊന്നായി ഇന്ത്യ മാറുകയാണ്.
വിക്രാന്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ കൊച്ചി കപ്പല്‍ശാലയില്‍ രാവിലെ 9.30 മുതലാണ് ചടങ്ങ് ആരംഭിച്ചത്. തദ്ദേശീയമായി വിമാനവാഹിനി യുദ്ധക്കപ്പല്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ലോകത്തിലെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറുകയാണ്. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ് എന്നിവയാണ് മറ്റു രാജ്യങ്ങള്‍.
വിക്രാന്ത് നാവികസേനയുടെ ഭാഗമാകുന്നതോടെ മലയാളികള്‍ക്കും അഭിമാനിക്കാം. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ കപ്പലായ വിക്രാന്ത് തദ്ദേശീയമായി നിര്‍മിച്ച് പൂര്‍ത്തിയാക്കിയത് കൊച്ചി കപ്പല്‍ ശാലയിലാണ്. വിക്രാന്തിന്റെ നിര്‍മാണത്തില്‍ 14,000-ത്തോളം പേര്‍ നേരിട്ടും അല്ലാതെയും പങ്കുവഹിച്ചു. കൊച്ചി കപ്പല്‍ശാലയിലെ 2000 ഉദ്യോഗസ്ഥര്‍ക്കും മറ്റ് അനുബന്ധ വ്യവസായങ്ങളിലുള്ള 12,000 ജീവനക്കാര്‍ക്കും തൊഴിലവസരങ്ങള്‍ ഉണ്ടായെന്നാണ് കണക്ക്.
വെള്ളിയാഴ്ച രാവിലെ 9.30-ന് കൊച്ചി കപ്പല്‍ശാലയില്‍ 150 അംഗ ഗാര്‍ഡ് ഓഫ് ഓണറോടെയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. വിക്രാന്തിന്റെ കമാന്‍ഡിങ് ഓഫീസര്‍ കമ്മഡോര്‍ വിദ്യാധര്‍ ഹാര്‍കെ കമ്മിഷനിങ് വാറന്റ് വായിച്ചശേഷം പ്രധാനമന്ത്രി കപ്പലിനുള്ളില്‍ പ്രവേശിച്ചു. വിക്രാന്തിന്റെ മുന്‍വശത്തെ ഡെക്കില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം പ്രധാനമന്ത്രി പിന്‍വശത്തെ ഡെക്കില്‍ നാവികസേനയുടെ പുതിയ പതാകയും ഉയര്‍ത്തി.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല