സ്വന്തം ലേഖകൻ: ഐ.എസ്.ആർ.ഒയിലെ ഓരോ ശാസ്ത്രജ്ഞരെയും സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ ഇസ്ട്രാക്ക് (ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‍വർക്ക്) സെന്ററിലെത്തിയതായിരുന്നു അദ്ദേഹം. തന്റെ ദ്വിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി ബെംഗളൂരുവിൽ എത്തിയത്.
ചന്ദ്രനിൽ ലാൻഡർ ഇറങ്ങിയ സ്ഥലം ശിവശക്തി എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രയാൻ 2 മുദ്ര പതിപ്പിച്ച പ്രദേശം തിരംഗ എന്നും അറിയപ്പെടും. ശിവശക്തി പോയന്റ് ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ അടയാളമാണ്. അസാധാരണ നേട്ടമാണ് കൈവരിച്ചത്. ബഹിരാകാശത്ത് ഭാരതത്തിന്റെ ശംഖുനാദം മുഴങ്ങിയിരിക്കുന്നു. ശാസ്ത്രജ്ഞർ രാജ്യത്തെ ഉയരത്തിൽ എത്തിച്ചെന്നും മോദി പറഞ്ഞു.
‘ഇന്ത്യ ചന്ദ്രനിലെത്തിയിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പ്രൗഢി അത്രത്തോളം ഉയർന്നു. ചന്ദ്രയാൻ 3 ലാൻഡിങ് ഓരോ നിമിഷവും ഓർമയുണ്ട്. ഇന്ന് എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത്തരം സന്ദർഭങ്ങൾ വളരെ വിരളമാണ്. ഞാൻ സൗത്ത് ആഫ്രിക്കയിൽ ആയിരുന്നെങ്കിലും മനസ്സ് നിങ്ങളുടെ ഒപ്പമായിരുന്നു’- മോദി പറഞ്ഞു.
വനിതാ ശാസ്ത്രജ്ഞർ ചന്ദ്രയാൻ 3 ൽ ഒരു പ്രധാന പങ്ക് വഹിച്ചു. ‘ശിവശക്തി’ പോയിന്റ് ജനക്ഷേമത്തിനായി ശാസ്ത്രത്തെ ഉപയോഗപ്പെടുത്താൻ വരുംതലമുറകളെ പ്രചോദിപ്പിക്കും. ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയ ഓഗസ്റ്റ് 23 ഇനി മുതല്‍ ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ശനിയാഴ്ച രാവിലെ ഇസ്ട്രാക്കിലെത്തിയ അദ്ദേഹത്തെ ഐ.എസ്.ആർ.ഓ ചെയർമാൻ എസ്. സോമനാഥ് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. റോവറിന്റെ പ്രവർത്തനം മോദിക്ക് മുന്നിൽ ഗ്രാഫിക്‌സിലൂടെ വിശദീകരിച്ച ശാസ്ത്രജ്ഞർ ലാൻഡറിന്റെ നിഴൽ ചന്ദ്രോപരിതലത്തിൽ പതിഞ്ഞ ചിത്രവും അദ്ദേഹത്തിന് സമ്മാനിച്ചു. പ്രധാനമന്ത്രി എത്തിയതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഐ.എസ്.ആർ.ഓ മേധാവി പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല