സ്വന്തം ലേഖകൻ: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കേ, ബെംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വമ്പന്‍ റോഡ് ഷോ. 26 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് റോഡ് ഷോ. റോഡിന്റെ ഇരുഭാഗത്തും ബി.ജെ.പി. പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. മേയ് പത്തിനാണ് തിരഞ്ഞെടുപ്പ്. പതിമൂന്നിന് വോട്ടെണ്ണും.
അതിനിടെ ര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ‘ദ കേരള സ്റ്റോറി’ സിനിമയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ തീവ്രവാദ ഗൂഢാലോചന ഈ സിനിമയിലൂടെ വെളിപ്പെടുത്തുന്നുണ്ടെന്നാണ് പറയപ്പെടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ബെല്ലാരിയില്‍ സംസാരിക്കുകയായിരുന്നു മോദി.
‘കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദ കേരള സ്റ്റോറിയാണ് ചര്‍ച്ച. കേവലം ഒരു സംസ്ഥാനത്തെ തീവ്രവാദ ഗൂഢാലോചനയെ അടിസ്ഥാനമാക്കിയാണ് കേരള സ്റ്റോറിയെന്നാണ് പറയപ്പെടുന്നത്. കഠിനാധ്വാനികളും കഴിവുറ്റവരും ബുദ്ധിജീവികളും അടങ്ങുന്ന മനോഹരമായ നാടെന്നറിയപ്പെടുന്ന കേരളത്തില്‍ തീവ്രവാദ ഗൂഢാലോചനകള്‍ എങ്ങനെ വളര്‍ത്തപ്പെടുന്നു എന്നത് ഈ സിനിമ അനാവരണം ചെയ്യുന്നു’, മോദി പറഞ്ഞു.
ഭീകരതയ്ക്കും തീവ്രവാദ പ്രവണതയ്ക്കുമൊപ്പം നിന്നുകൊണ്ട് കോണ്‍ഗ്രസ് ഈ സിനിമയെ എതിര്‍ക്കുകയാണ്. വോട്ട് ബാങ്കിന് വേണ്ടി കോണ്‍ഗ്രസ് തീവ്രവാദത്തെ മറയാക്കിയെന്നും മോദി കുറ്റപ്പെടുത്തി. ‘വോട്ട് ബാങ്കിന് വേണ്ടി കോണ്‍ഗ്രസ് തീവ്രവാദത്തിന് കീഴടങ്ങുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെടുന്നു. അങ്ങനെയുള്ള ഒരു പാര്‍ട്ടിക്ക് എന്നെങ്കിലും കര്‍ണാടകയെ രക്ഷിക്കാന്‍ കഴിയുമോ? ഭീകരാന്തരീക്ഷത്തില്‍ ഇവിടുത്തെ വ്യവസായവും ഐടി വ്യവസായവും കൃഷിയും മഹത്തായ സംസ്കാരവും തകരും’, പ്രധാനമന്ത്രി പറഞ്ഞു.
കര്‍ണാടകയെ നമ്പര്‍ വണ്‍ ആക്കി മാറ്റാനുള്ള പാതയിലാണ് തങ്ങള്‍. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ വ്യാജ വിവരണങ്ങളും വിലക്കുകളും മാത്രമാണുള്ളത്. അവര്‍ വിറയ്ക്കുന്ന അവസ്ഥയിലാണ്. താന്‍ ബജ്റംഗ് ബലിയെ വിളിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ലെന്നും മോദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല