1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2024

സ്വന്തം ലേഖകൻ: സംസ്ഥാനത്തിനായി 4000 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചി ഷിപ്പിയാര്‍ഡില്‍ നടന്ന ചടങ്ങിലാണ് മൂന്ന് വന്‍കിട വികസന പദ്ധതികള്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു പദ്ധതികളുടെ ഉദ്ഘാടനം.

കൊച്ചി കപ്പശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപണി ശാല, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ച പ്രധാന പദ്ധതികള്‍.

എല്ലാ കേരളീയര്‍ക്കും നല്ല നമസ്‌കാരം എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം ആരംഭിച്ചത്. ഗുരുവായൂരപ്പനെ ദര്‍ശിച്ച ശേഷമാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. തൃപ്രയാര്‍ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തി. കേരളീയരുടെ കലാ പാരമ്പര്യവും ആധ്യാത്മിക പാരമ്പര്യവും വൈവിധ്യം നിറഞ്ഞാതാണെന്നും പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം തുടർന്നത്.

കേരളം കൈവരിച്ച വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. പദ്ധതികള്‍ നാടിന് സമര്‍പ്പിക്കാന്‍ കേരളത്തില്‍ നേരിട്ടെത്തിയ പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ മുഖ്യമന്ത്രി വികസന പദ്ധതികളില്‍ കേരളം മുന്നോട്ടുവച്ചത് പൊതുമേഖല സ്ഥാപനങ്ങളുടെ സഹകരണത്തിന്റെ ഉദാത്ത മാതൃകയാണ് എന്നും വ്യക്തമാക്കി. രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതികളില്‍ കേരളത്തിലെ പൊതുമേഖല സ്ഥാനപങ്ങള്‍ നല്‍കിയ പങ്ക് ചെറുതല്ല. മെയ്ക്ക് ഇന്‍ ഇന്ത്യയിലെ മെയ്ഡ് ഇന്‍ കേരള പങ്കാളിത്തം വിസ്മരിക്കാനാവില്ലെന്നും പറഞ്ഞായിരുന്നു മുഖ്യമന്ത്രി പദ്ധതികള്‍ വിവരിച്ചത്.

നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ ആദ്യ പരിപാടി. ക്ഷേത്രത്തില്‍ ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ചടങ്ങില്‍ പങ്കാളിയായത്. ഗുരുവായൂരിലെ പരിപാടിക്ക് ശേഷം മോദി തൃപ്പയാര്‍ ക്ഷേത്രവും സന്ദര്‍ശിച്ചു. അവിടെ മീനൂട്ട് നടത്തിയ മോദി വേദാര്‍ച്ചനയിലും പങ്കെടുത്ത ശേഷമായിരുന്നു കൊച്ചിയിലേക്ക് തിരിച്ചത്.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതികള്‍

ഡ്രൈഡോക് 1799 കോടി

:കൊച്ചി കപ്പല്‍ശാലയില്‍ 1799 കോടി രൂപ ചെലവിലാണ് പുതിയ ഡ്രൈഡോക് നിര്‍മിച്ചത്. ഇതിന് 310 മീറ്റര്‍ നീളവും 13 മീറ്റര്‍ ആഴവുമുണ്ട്. 70,000 ടണ്‍ വരെ ഭാരമുള്ള വിമാന വാഹിനികള്‍, കൂറ്റന്‍ ചരക്കുകപ്പലുകള്‍, എല്‍.എന്‍.ജി. കപ്പലുകള്‍ തുടങ്ങി വലിയ കപ്പലുകളെ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയും ഈ ഡ്രൈ ഡോക്കിനുണ്ട്. ഇത് പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ 2000 പേര്‍ക്ക് നേരിട്ടും ഇതിന്റെ ആറിരട്ടിയോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. അനുബന്ധ വ്യവസായങ്ങളുടെയും ചെറുകിട സംരംഭങ്ങളുടെയും വളര്‍ച്ചയെയും ഇത് ത്വരിതപ്പെടുത്തും.

കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം 970 കോടി

:വെല്ലിങ്ടണ്‍ ഐലന്‍ഡിലെ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ 42 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് 970 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം ഒരുക്കിയത്. കപ്പല്‍ അറ്റകുറ്റപ്പണിക്കുള്ള ആഗോള കേന്ദ്രമായി കൊച്ചിയെ മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം.

6000 ടണ്‍ ശേഷിയുള്ള കപ്പല്‍ ലിഫ്റ്റ് സംവിധാനം, ആറ് വര്‍ക്ക് സ്റ്റേഷനുകള്‍, 130 മീറ്റര്‍ വരെ നീളമുള്ള ഏഴ് കപ്പലുകളെ ഒരേസമയം ഉള്‍ക്കൊള്ളുന്ന 1400 മീറ്റര്‍ ബെര്‍ത്ത് തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്. ഈ പുതിയ കേന്ദ്രം വഴി 2000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും.

എല്‍.പി.ജി. ഇറക്കുമതി ടെര്‍മിനല്‍, 1236 കോടി

കൊച്ചിയിലെ പുതുവൈപ്പിനിലാണ് 1,236 കോടി രൂപ ചെലവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പുതിയ എല്‍.പി.ജി. ഇറക്കുമതി ടെര്‍മിനല്‍ പൂര്‍ത്തിയാക്കിയത്. ദക്ഷിണേന്ത്യയിലെ പാചകവാതക ആവശ്യകത നിറവേറ്റാന്‍ കഴിയുന്ന വിധത്തിലാണ് ഇതൊരുക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും തടസ്സങ്ങളില്ലാതെ എല്‍.പി.ജി. വിതരണം ഉറപ്പാക്കാനാകും.

കേരളത്തിലെയും തമിഴ്നാട്ടിലെയും ബോട്ലിങ് പ്ലാന്റുകള്‍ക്കും ഇത് പ്രയോജനം ചെയ്യും. എല്‍.പി.ജി. വിതരണത്തില്‍ പ്രതിവര്‍ഷം 150 കോടി രൂപ ലാഭിക്കാനാകും. നിര്‍മാണ ഘട്ടത്തില്‍ തന്നെ ഈ പദ്ധതി വഴി 3.7 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. പ്രവര്‍ത്തന സജ്ജമായാല്‍ പ്രതിവര്‍ഷം 19,800 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനും ഈ പദ്ധതിക്കു കഴിയും.

രാജ്യത്തിനുള്ള സമ്മാനമായി കൊച്ചിയിലെ മൂന്ന് വന്‍കിട വികസന പദ്ധതികളാണ് പ്രധാനമന്ത്രി ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. 4000 കോടി രൂപയുടെ ഈ പദ്ധതികള്‍ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.