സ്വന്തം ലേഖകൻ: എല്ലാ രാജ്യങ്ങളുമായും അകലം പാലിക്കുക എന്നതായിരുന്നു പതിറ്റാണ്ടുകളായി ഇന്ത്യയുടെ നയമെന്നും ഇപ്പോൾ സ്ഥിതി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം പുലർത്തുക എന്നതാണ് ഇപ്പോൾ ഇന്ത്യയുടെ നയമെന്നും ഇന്നത്തെ ഇന്ത്യ എല്ലാവരുമായും ബന്ധപ്പെട്ടിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ദ്വിരാഷ്ട്രസന്ദർശനത്തിന്റെ ഭാഗമായി പോളണ്ടിലെത്തിയ അദ്ദേഹം, ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. ഇന്നത്തെ ഇന്ത്യ എല്ലാവരുടേയും ഒപ്പമാണ്. എല്ലാവരുടെയും ക്ഷേമത്തേക്കുറിച്ച് ചിന്തിക്കുന്നു. ലോകം ഇന്ന് ഇന്ത്യയെ എല്ലാവരുടെയും സുഹൃത്തായി കണ്ട് ബഹുമാനിക്കുന്നു, മോദി കൂട്ടിച്ചേർത്തു. 1970-ലെ അന്നത്തെ കോൺഗ്രസ് സർക്കാരിന്റെ ചേരിചേരാ നയത്തെകുറിച്ച് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ബുധനാഴ്ചയാണ് നരേന്ദ്രമോദി പോളണ്ടിലെത്തിയത്. 45 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. 1979-ൽ മൊറാർജി ദേശായിയാണ് ഇതിനുമുൻപ് പോളണ്ട് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി. ഇന്ത്യയും പോളണ്ടുമായുള്ള നയതന്ത്രബന്ധത്തിന്റെ 70 വർഷം പൂർത്തിയാകുന്ന വേളയിലാണ് തന്റെ സന്ദർശനമെന്ന് സന്ദർശനത്തിന് മുൻപ് മോദി എക്സിൽ കുറിച്ചിരുന്നു. പോളണ്ടിൽനിന്ന് യുക്രൈനിലേക്കു പോകുന്ന അദ്ദേഹം പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയെ കാണുമെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല