1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2025

സ്വന്തം ലേഖകൻ: ലോകത്ത് എവിടെയാണെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികളെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവാസികളെ സംരക്ഷിക്കുന്നത് ഇപ്പോഴത്തെ വിദേശനയത്തിന്റെ മുഖ്യ പരിഗണനയിലുണ്ട്. വിദേശത്തെ ഇന്ത്യന്‍ എംബസികളില്‍ സഹായത്തിന് കാത്തിരിക്കേണ്ട സ്ഥിതി നീക്കി കൂടുതല്‍ ജനകീയമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൂടുതലിടങ്ങളില്‍ കോണ്‍സുലര്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക നേതാക്കളെല്ലാം ഇന്ത്യന്‍ പ്രവാസികളെ പ്രശംസിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനുകാരണം നമ്മുടെ മൂല്യങ്ങളാണ്. ജനാധിപത്യം നമ്മുടെ ജീവല്‍ പദ്ധതിയാണ്. വൈവിധ്യങ്ങളുടെ ഭൂമിയായ ഇന്ത്യയില്‍നിന്ന് ലോകത്തിന്റെ ഏതുഭാഗത്തു പോയായലും ഭാരതീയര്‍ അവിടത്തെ സംസ്‌കാരത്തിനൊപ്പം ചേര്‍ന്നുനില്‍ക്കും. അതു നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്.

2047-ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കണമെന്ന ലക്ഷ്യത്തിലാണ് നീങ്ങുന്നത്. അതിലേക്ക് പ്രവാസലോകം നല്‍കുന്ന സംഭാവന ചെറുതല്ല. വിനോദസഞ്ചാര മേഖലയില്‍ വലിയ സാധ്യതകളുണ്ട്. മെട്രോ നഗരങ്ങളില്‍ മാത്രമല്ല, ചെറു നഗരങ്ങളിലേക്കും പൈതൃക ടൂറിസം വ്യാപിപ്പിക്കണം. ഇവിടെനിന്ന് തിരിച്ചുപോകുന്ന പ്രതിനിധികള്‍ ഇന്ത്യയിലേക്ക് വിദേശത്തുനിന്ന് വിനോദസഞ്ചാരികളെ എത്തിക്കാന്‍ സഹായിക്കണം. ഒരാള്‍ അഞ്ചുപേരോട് നമ്മുടെ രാജ്യത്തിന്റെ വിനോദസഞ്ചാര സാധ്യതകളെക്കുറിച്ച് പറഞ്ഞാല്‍ത്തന്നെ വലിയ മാറ്റമുണ്ടാകും.

വിദേശത്തെ സാംസ്‌കാരിക പ്രമുഖരെ ആദരിക്കാനും പുരസ്‌കാരങ്ങള്‍ നല്‍കാനും പ്രവാസി സംഘടനകള്‍ ശ്രമിക്കണം. എംബസികളുമായി ചേര്‍ന്ന് അതു ചെയ്യുന്നത് വിദേശത്ത് ബന്ധങ്ങള്‍ ദൃഢമാക്കാന്‍ സഹായിക്കും. അമ്മയുടെ പേരില്‍ മരത്തൈ നടുന്ന ഇന്ത്യയിലെ പദ്ധതി വിദേശത്തേക്കുകൊണ്ടുപോകാനും പ്രവാസികളോട് അഭ്യര്‍ഥിക്കുകയാണ്. അത് പ്രകൃതിക്കും പരിസ്ഥിതിക്കുമേകുന്ന ഗുണം വിസ്മയകരമായിരിക്കും.

വരുന്ന വര്‍ഷങ്ങളില്‍ ഇന്ത്യയിലേത് ലോകത്തെ ഏറ്റവും ചെറുപ്പമേറിയ ജനതയായിരിക്കും. യുവാക്കള്‍ കൂടുതലുള്ള രാജ്യം മാത്രമല്ല, ഇന്ത്യ വിദഗ്ധരായ യുവാക്കളുടെ രാജ്യം കൂടിയാകും. വിദേശത്തേക്ക് പോകുന്ന ഇന്ത്യയിലെ ചെറുപ്പക്കാരുടെ നൈപുണ്യ വികസനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. വൈദഗ്ധ്യം വേണ്ട മേഖലകളില്‍ ലോകത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യന്‍ യുവജനങ്ങള്‍ക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

ഡല്‍ഹി നിസാമുദീന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പ്രവാസികള്‍ക്കായുള്ള സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനായ പ്രവാസി ഭാരതീയ എക്സ്പ്രസ് മോദി വെര്‍ച്വലായി ഫ്ളാഗ് ഓഫ് ചെയ്തു. സമ്മേളനത്തിലെ വിവിധ പ്രദര്‍ശനങ്ങളും ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി, തുടങ്ങിയവര്‍ പ്രസംഗിച്ചു.

‘വികസിത ഭാരതത്തിന് പ്രവാസികളുടെ സംഭാവന’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പ്രവാസി ഭാരതീയ സമ്മേളനം. രണ്ടുദിവസങ്ങളിലായി പ്രവാസലോകവുമായി ബന്ധപ്പെട്ട വിവിധ സെഷനുകളിലെ ചര്‍ച്ചകളില്‍ കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കും. വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

എഴുപതോളം രാജ്യങ്ങളില്‍നിന്നായി മൂവായിരത്തിലേറെ പ്രതിനിധികളാണ് പ്രവാസി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വിദേശരാജ്യങ്ങളില്‍ നേട്ടംവരിച്ച ഇന്ത്യക്കാരായ വ്യവസായികളും സംരംഭകരും ഭാഗമാകുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നടക്കം നിരവധി മലയാളികളുമെത്തിയിട്ടുണ്ട്. ഭുവനേശ്വറിലെത്തിയ പ്രവാസി പ്രതിനിധികള്‍ക്കായി ഒഡീഷ സര്‍ക്കാര്‍ വിവിധ സാംസ്‌കാരിക പരിപാടികളും വിനോദയാത്രകളും സംഘടിപ്പിക്കുന്നുണ്ട്. 1915-ല്‍ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യയില്‍ മടങ്ങിയെത്തിയതിന്റെ ഓര്‍മപുതുക്കലായാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.