
സ്വന്തം ലേഖകൻ: ‘ഉച്ചാരണശുദ്ധി’ ചൂണ്ടിക്കാട്ടി ഇന്ത്യക്കാരനായ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളേപ്പറ്റിയുളള ചോദ്യത്തിന് ഇന്ത്യൻ ഉച്ചാരണം ചൂണ്ടിക്കാട്ടിയ ട്രംപ്, ചോദ്യം തനിക്ക് മനസിലായില്ലെന്ന് വ്യക്തമാക്കിയാണ് ഒഴിഞ്ഞുമാറിയത്. രണ്ടുദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളേപ്പറ്റി ആദ്യം ചോദിച്ചപ്പോള്‍ കുറച്ചുകൂടി ഉച്ചത്തില്‍ ചോദിക്കൂ എന്ന് ട്രംപ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ രണ്ടാമതും സമാന ചോദ്യം ഉയര്‍ത്തിയപ്പോഴാണ് ഇംഗ്ലീഷ് ഉച്ചാരണം ശരിയല്ലാത്തതിനാൽ ചോദ്യം തനിക്ക് മനസിലായില്ലെന്ന് ട്രംപ് വ്യക്തമാക്കിയത്. മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിലെ ഒരു വാക്കുപോലും തനിക്ക് മനസിലായില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഉച്ചാരണപിശക് ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽനിന്ന് ട്രംപ് ഒഴിഞ്ഞുമാറുന്നത് ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞയാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ഒരു വാര്‍ത്താസമ്മേളനത്തിലും സമാനസംഭവം അരങ്ങേറി. ‘നിങ്ങള്‍ക്ക് മനോഹരമായ ശബ്ദവും ശുദ്ധമായ ഉച്ചാരണവുമുണ്ട്. പ്രശ്‌നമെന്തെന്നുവെച്ചാല്‍ നിങ്ങള്‍ പറയുന്ന ഒരു വാക്ക് പോലും എനിക്ക് മനസിലാവുന്നില്ല’, അഫ്ഗാനിസ്താന്‍ റിപ്പോര്‍ട്ടറോട് ട്രംപ് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല