1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2018

സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ പര്യടനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി റുവാണ്ടയില്‍; 200 പശുക്കള്‍ സമ്മാനം. ഈ മാസം 27വരെ നീളുന്ന ആഫ്രിക്കന്‍ പര്യടനത്തില്‍ റുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക.

റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയില്‍ വിമാനമിറങ്ങിയ മോദിക്ക് ഊഷ്മള വരവേല്‍പ്പാണു ലഭിച്ചത്. റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കഗാമേയുമായി ഇന്നു ചര്‍ച്ച നടത്തും.

റുവാണ്ടയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കായി ഭരണകൂടം ആരംഭിച്ച ഗിരിങ്ക പദ്ധതിയുടെ ഭാഗമായി 200 പശുക്കളെ മോദി സമ്മാനിക്കും. പാവപ്പെട്ട കുടുംബങ്ങള്‍ക്കായി റുവാണ്ട ഭരണകൂടം ആരംഭിച്ച പദ്ധതിയാണിത്. ഒരു കുടുംബത്തിന് ഒരു പശു എന്നതാണ് ആശയം.

ഇതിലേക്കുള്ള ഇന്ത്യയുടെ സംഭാവനയാണ് 200 പശുക്കള്‍. ലോകത്തില്‍ ഏറ്റവുമധികം സ്ത്രീ പ്രാതിനിധ്യമുള്ള പാര്‍ലമെന്റാണ് റുവാണ്ടയിലേത്. മൂന്നില്‍ രണ്ട് ജനപ്രതിനിധികളും വനിതകളാണ്. റുവാണ്ടയുടെ തലസ്ഥാനമായ കിഗലി പൊതുഗതാഗത സംവിധാനങ്ങളുടെ കൃത്യതയ്ക്കും വൃത്തിക്കും പേരുകേട്ടതാണ്.

ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ സന്ദര്‍ശനത്തിനു പിന്നാലെയാണ് മോദിയെ സ്വീകരിക്കാന്‍ റുവാണ്ട തയാറെടുക്കുന്നത്. ഇവിടം സന്ദര്‍ശിക്കുന്ന ആദ്യ ചൈനീസ് പ്രസിഡന്റാണ് ഷി. സംഭവബഹുലമായ പാര്‍ലമെന്റ് സമ്മേളനത്തിനും വിദേശയാത്രാ ചെലവ് വിവാദത്തിനും പിന്നാലെയാണു മോദിയുടെ ആഫ്രിക്കന്‍ പര്യടനം.

റുവാണ്ടയില്‍നിന്ന് ഉഗാണ്ടയിലേക്കാണു മോദി പോവുക. രണ്ട് ദിവസത്തെ ഉഗാണ്ട സന്ദര്‍ശനത്തിനിടെ പാര്‍ലമെന്റിനേയും ഇന്ത്യക്കാരെയും അഭിസംബോധന ചെയ്യും. അവിടെനിന്നും ദക്ഷിണാഫ്രിക്കയിലേക്ക്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് സിറിള്‍ റാമഫോസയുമായി കൂടിക്കാഴ്ച. ബ്രിക്‌സ് ഉച്ചകോടിയിലും പങ്കെടുക്കും. ആഫ്രിക്കയുമായി ശക്തമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.