സ്വന്തം ലേഖകൻ: വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായവർക്കുള്ള പുനരധിവാസത്തിനുള്ള സാമ്പത്തിക പിന്തുണയും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സഹായങ്ങളും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരന്ത മേഖല സന്ദർശിക്കാൻ എത്തിയ പ്രധാനമന്ത്രിക്കു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിച്ചു.
പ്രധാനമന്ത്രിയോട് ദുരന്തന്തിന്റെ വ്യാപ്തി വിശദീകരിച്ച ശേഷം മുഖ്യമന്ത്രി കുറിപ്പായും ഇത് കൈമാറിയിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുപ്പ് നടന്നുവരികയാണ്. ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ദുരന്തവുമായി ബന്ധപ്പെട്ട വിശദമായ നിവേദനം സംസ്ഥാനം കേന്ദ്ര സർക്കാരിന് പിന്നീട് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഘാതം സംസ്ഥാനത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് അടിക്കടിയുണ്ടാകുന്ന പ്രവചനാതീതമായ പ്രകൃതി ദുരന്തങ്ങൾ. ഈ വർഷത്തെ വേനൽക്കാലത്ത് നേരിട്ട ഉഷ്ണതാപം സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമാണ്. കൂടാതെ പെട്ടെന്നുണ്ടായ അതിതീവ്ര ഉരുൾപൊട്ടലിനും ഇടയാക്കിയത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതമാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ ഇത്തരം അപ്രതീക്ഷിത പ്രകൃതിക്ഷോഭങ്ങൾ നേരിടാൻ മതിയായ സജ്ജീകരണങ്ങൾ കേരളത്തിന് ആവശ്യമാണ്.
ഈ പശ്ചാത്തലത്തിൽ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, ഇന്ത്യ മെറ്റിയോറോളജിക്കൽ ഡിപ്പാർട്മെന്റ്, നാഷണൽ സിസ്മിക് സെന്റർ, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെ സ്പെഷ്യൽ സെന്ററുകളും അത്യാധുനിക പഠന സൗകര്യങ്ങളുള്ള പ്രാദേശിക ഓഫീസുകളും സംസ്ഥാനത്ത് ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കാലാവസ്ഥാ നിരീക്ഷണത്തിനായി ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്.
വയനാട് സന്ദർശിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തിൽ നന്ദി അറിയിച്ച മുഖ്യമന്ത്രി ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കി കേന്ദ്ര സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകൾ സംസ്ഥാന സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാൻ നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിച്ചു. അതിവേഗത്തിലുള്ള പുനർനിർമാണത്തിനും കാലാവസ്ഥാ വ്യതിയാനത്തെ ദീർഘകാലാടിസ്ഥാനത്തിൽ ചെറുക്കാനും സംസ്ഥാനം നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്ക് മതിയായ സാമ്പത്തിക പിന്തുണ ആവശ്യമാണ്.
ദുരന്തത്തിന്റെ വ്യാപ്തിയും ആഘാതവും കണക്കിലെടുത്ത് വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായും ദേശീയ ദുരന്തമായും എത്രയും വേഗം പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദർശനത്തിന് ശേഷം, സമൂഹമാധ്യമങ്ങളിൽ നിറയുന്ന ഒരു ചിത്രമുണ്ട്. പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചു നില്ക്കുന്ന മൂന്നുവയസുകാരി റൂബിയ എന്ന കൊച്ചുമിടുക്കിയുടെ ചിത്രം. മഹാദുരന്തത്തിലെ അതിജീവനത്തിന്റെ ഉത്തമ ഉദാഹരണമാണ് റൂബിയ. അവള്‍ക്ക് ഇന്ന് ഉമ്മ മാത്രമേ ഉള്ളൂ. ഉപ്പയും സഹോദരങ്ങളുമടക്കം സര്‍വതും നഷ്ടപ്പെട്ടു. ദുരന്തത്തിൽ ഉറ്റവരെയും നഷ്ടപ്പെട്ട് പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന റൂബിയയെയും പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു.
മോദിയെ കെട്ടിപ്പിടിച്ചു നില്ക്കുന്ന കുഞ്ഞിന്റെ മുഖവും ചിരിയും കണ്ടവരുടെയെല്ലാം മനസു നിറക്കുന്നതാണ്. ‘അതെന്റെ വീടിനടുത്തുള്ള സാറാണ്, ഞാന്‍ കെട്ടിപ്പിടിച്ചു, വിടില്ലെന്നു പറഞ്ഞു’, റൂബിയയുടെ വാക്കുകളാണിത്. പ്രധാനമന്ത്രിയാണ് കൂടെ നില്‍ക്കുന്നതെന്ന് കുഞ്ഞുറൂബിയയ്ക്ക് അറിയില്ല. മുഖം ചേര്‍ത്തുപിടിച്ച് ആ വെളുത്ത താടിയില്‍ തടവിയപ്പോള്‍ അവള്‍ക്ക് വീടിനടുത്തുള്ള സ്കൂളിലെ സാറിനെയാണ് ഓര്മ വന്നതത്രെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല