സ്വന്തം ലേഖകന്‍: ഇന്ത്യ, ജപ്പാന്‍ ഉച്ചകോടല്യില്‍ 6 കരാറുകള്‍ ഒപ്പുവച്ചു; 2 പ്ലസ് 2 ചര്‍ച്ച നടത്തും; അതിവേഗ റെയില്‍ പദ്ധതിയ്ക്കും നാവിക മേഖലയിലെ സഹകരണത്തിനും ധാരണ. അതിവേഗ റെയില്‍ പദ്ധതിയും നാവിക മേഖലയിലെ സഹകരണവും ഉള്‍പ്പെടെ 6 കരാറുകളില്‍ ഇന്ത്യയും ജപ്പാനും ഒപ്പുവച്ചു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരും പ്രതിരോധ മന്ത്രിമാരും പങ്കെടുക്കുന്ന 2 പ്ലസ് 2 ചര്‍ച്ച നടത്തുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും പങ്കെടുത്ത ഇന്ത്യ – ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ ധാരണയായി.
ഇന്‍ഡോ പസിഫിക് മേഖലയിലെ സാഹചര്യങ്ങള്‍, ഉഭയകക്ഷി, രാജ്യാന്തര വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്തു. സൈബര്‍ രംഗത്തെ പങ്കാളിത്തത്തിനു പുറമെ ആരോഗ്യം, പ്രതിരോധം തുടങ്ങി എല്ലാ മേഖലകളിലും ജപ്പാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നു ചര്‍ച്ചയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ജപ്പാന്‍ സഹകരണത്തോടെയുള്ള മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പുരോഗതി ഇരുപ്രധാനമന്ത്രിമാരും വിലയിരുത്തി. ഇതിനായുള്ള വായ്പാ ഉടമ്പടിയിലും ഒപ്പുവച്ചു. മെട്രോ പദ്ധതികളില്‍ നിലവിലുള്ള സഹകരണം തുടരും. ഇന്ത്യന്‍ നേവിയും ജപ്പാന്‍ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സും തമ്മില്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറിലും ഒപ്പുവച്ചു.
ഉച്ചകോടിയുടെ തലേന്ന് ഇരു രാജ്യത്തലവന്‍മാരും യെമനാഷിയില്‍ മൗണ്ട് ഫ്യൂജിക്കടുത്ത റിസോര്‍ട്ടില്‍ എട്ടു മണിക്കൂറോളം ഒരുമിച്ചു ചെലവഴിക്കുകയും അനൗപചാരിക ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല