സ്വന്തം ലേഖകന്‍: പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും; വാരാണസി സുരക്ഷാ വലയത്തില്‍. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വഹിക്കും. വരാണസി സ്റ്റേഡിയത്തില്‍ ഒരുക്കിയ വേദിയിലാണ് മോദി പ്രവാസി പ്രതിനിധികളെ അഭിസംബോധന ചെയ്യുക. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്‍ദ്ജുഗ് നാഥും ചടങ്ങില്‍ സംബന്ധിക്കും. പുറം രാജ്യങ്ങളില്‍ കഴിവു തെളിയിച്ച 30 പേര്‍ക്കുള്ള പ്രവാസി ഭാരതീയ പുരസ്‌കാര സമര്‍പ്പണം നാളെ നടക്കും.
പ്രവാസി പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ക്രിയാത്മക നടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന പരാതികള്‍ക്കിടയിലാണ് പതിനഞ്ചാം പ്രവാസി സമ്മേളനത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നത്. നിയമനിര്‍മാണ സഭകളില്‍ പ്രവാസി പ്രാതിനിധ്യം, വിദേശത്തു മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കല്‍ തുടങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടുത്തിടെ ദുബൈയില്‍ ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു.
പ്രവാസിക്ഷേമം മുന്‍നിര്‍ത്തിയുള്ള കേന്ദ്രസര്‍ക്കാരിന്റെ നയം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.
പ്രവാസികളുടെ പുനരധിവാസം, ആരോഗ്യചികില്‍സാ പദ്ധതി എന്നിവയോട് പുറം തിരിഞ്ഞു നില്‍ക്കുന്നത് കേന്ദ്രം തിരുത്തണമെന്ന് മന്ത്രി കെ.ടി ജലീല്‍ അഭിപ്രായപ്പെട്ടു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, സഹമന്ത്രി ജനറല്‍ വി.കെ സിങ്ങ് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഇന്ത്യയിലെ നിക്ഷേപ സാധ്യതകള്‍ വിലയിരുത്തുന്ന സെഷനുകളും ഇന്ന് നടക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മുന്‍നിര്‍ത്തി വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് വാരാണസിയിലും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല