1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2019

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നു. വെള്ളിയാഴ്ച യു.എ.ഇയിലെത്തുന്ന പ്രധാനമന്ത്രിക്കു രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഷെയ്ഖ് സായിദ് മെഡല്‍ സമ്മാനിക്കും.

രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഗള്‍ഫ് സന്ദര്‍ശനമാണിത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി യു.എ.ഇയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കു യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഷെയ്ഖ് സായിദ് മെഡല്‍ സമ്മാനിക്കും. യു.എ.ഇ ഉപസര്‍വ്വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.

ആറു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് നരേന്ദ്രമോദി യു.എ.ഇ സന്ദര്‍ശിക്കുന്നത്. തുടര്‍ന്നു ബഹ്‌റൈനിലെത്തുന്ന നരേന്ദ്രമോദി ഇന്ത്യന്‍ പ്രവാസിസമൂഹത്തെ അഭിസംബോധന ചെയ്യും. ബഹ്‌റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായി ചര്‍ച്ച നടത്തും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. മനാമയിലെ ശ്രീ കൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ മോദി ഉദ്ഘാടനം ചെയ്യും.

കശ്മീരിനു പ്രത്യേകപദവി റദ്ദാക്കിയതിനു പിന്നാലെ യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്കു പിന്തുണ പ്രഖ്യാപിച്ചത് പാക്കിസ്ഥാനു തിരിച്ചടിയായ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദിയുടെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.