സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏഴാമത് യുഎഇ സന്ദർശനം ചരിത്രമാക്കാനൊരുങ്ങി ഇന്ത്യൻ സമൂഹം. ഈ മാസം 13ന് അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ അഹ്‍ലൻ മോദി എന്ന പേരിൽ മഹാസമ്മേളനം ഒരുക്കിയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുക. ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ 150ലേറെ സംഘടനകൾ സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ തയാറെടുപ്പ് അന്തിമ ഘട്ടത്തിലാണ്.
ഇതിനകം രജിസ്റ്റർ ചെയ്തവരുടെ എണ്ണം 65,000 കവിഞ്ഞതോടെ രജിസ്ട്രേഷൻ അവസാനിപ്പിച്ചു. വിശ്വാമിത്ര (ലോകത്തിന്റെ സുഹൃത്ത്) എന്ന പ്രമേയം ആസ്പദമാക്കി പ്രത്യേക കലാവിരുന്നും ഇതോടനുബന്ധിച്ച് അരങ്ങേറും. വിവിധ സംസ്ഥാനങ്ങളുടെ തനത് കലകൾ ചേർത്ത് ആവിഷ്കരിക്കുന്ന കലാവിരുന്നിൽ മലയാളികൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള എണ്ണൂറിലേറെ കലാകാരന്മാർ പങ്കെടുക്കും. മുന്നൂറോളം പേർ അബുദാബിയിൽ നിന്നാണ്. ഇതിന്റെ പരിശീലനം വിവിധ എമിറേറ്റുകളിലെ ഇന്ത്യൻ സ്കൂളുകൾ കേന്ദ്രീകരിച്ച് പുരോഗമിക്കുകയാണ്.
നാനാത്വത്തിൽ ഏകത്വം പ്രകടമാകുന്ന പരിപാടികൾ കാണികളെ വിസ്മയിപ്പിക്കും. ഇന്ത്യയുടെയും യുഎഇയുടെയും ചരിത്രാതീത കാലത്തെ ബന്ധങ്ങളും പരിപാടികളിൽ നിറയും. യുഎഇയിൽ ഇന്ത്യക്കാരുടെ ഏറ്റവും വലിയ സമ്മേളനത്തിനാകും അബുദാബി സാക്ഷ്യം വഹിക്കുക. രണ്ടായിരത്തിലേറെ വൊളന്റിയർമാർ സഹായത്തിനുണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല