1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2023

സ്വന്തം ലേഖകൻ: ഇന്ത്യ -യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിര്‍ഹത്തിലും നടത്താന്‍ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തിലാണ് ഇതടക്കമുളള സുപ്രധാന കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവച്ചത്. ഒരു ദിവസത്തെ യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം രൂപയിലും ദിര്‍ഹത്തിലും നടത്താന്‍ അനുമതി നല്‍കുന്ന കരാറാണ് ഇതില്‍ പ്രധാനം.

നരേന്ദ്ര മോദിയുടെയും ഷെയഖ് മുഹമ്മദ് നഹ്‌യാൻ്റെയും സാന്നിധ്യത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറും യുഎഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും ധാരണ പത്രം കൈമാറി. ഇരു രാജ്യങ്ങളുടെയും ഡിജിറ്റല്‍ പേമെന്റ് സംവിധാനം പരസ്പരം ബന്ധിപ്പിക്കാനും തീരുമാനമായി. ഡല്‍ഹി ഐഐറ്റിയുടെ ഓഫ് ക്യാമ്പസ് അബുദബിയില്‍ ആരംഭിക്കുന്നത് സംബന്ധിച്ച കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പുവെച്ച സെപ കരാറിന്റെ പുരോഗതിയും ഇരു രാഷ്ട തലവന്മാരും വിലയിരുത്തി. ഇന്ത്യയില്‍ നടക്കുന്ന ജി.20 ഉച്ചകോടിയിലേക്ക് യുഎഇയെ മോദി ഔദ്യോഗികമായി ക്ഷണിച്ചു. യുഎഇ ആതിഥേയത്വം വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിലേക്കുളള ക്ഷണം അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. അബുദബിയില്‍ നിര്‍മ്മാണം നടന്നു വരുന്ന ഹിന്ദുക്ഷേത്രത്തിന്റെ പുരോഗതിയും ഇരുവര്‍ക്കുമിടയില്‍ ചര്‍ച്ചയായി. കോപ് 28 പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബറുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.

അബുദാബിയില്‍ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് രാജ്യം നല്‍കിയത്. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. പ്രസിഡന്റിന്റെ കോട്ടാരത്തിലും അദ്ദേഹത്തിന് സ്വീകരണമൊരുക്കി. നരേന്ദ്രമോദിയെ യുഎഇയിലേക്ക് വരവേറ്റ് കൊണ്ട് ഇന്നലെ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ ദേശീയ പതാക പ്രദര്‍ശിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയായി ചുതലയേറ്റ ശേഷം മോദിയുടെ അഞ്ചാമത്തെ യുഎഇ സന്ദര്‍ശനമായിരുന്നു ഇത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.