സ്വന്തം ലേഖകൻ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അബുദാബിയിലെത്തിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. ഇരുവരും പരസ്പരം ആശ്ലേഷിച്ചു. പ്രധാനമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണറും നല്‍കി.
അധികാരമേറ്റതിനുശേഷം മോദിയുടെ ഏഴാമത് യു.എ.ഇ. സന്ദര്‍ശനമാണിത്. ഇത്തവണത്തെ സന്ദര്‍ശനത്തില്‍ ദുബായിലും അബുദാബിയിലുമായി ഒട്ടേറെ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹം കൂട്ടിക്കാഴ്ച നടത്തി.
‘നിങ്ങള്‍ നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന് ഞാന്‍ നന്ദി പറയുന്നു. നിങ്ങളെ കാണാന്‍ ഞാന്‍ ഇവിടെ വരുമ്പോഴെല്ലാം, എന്റെ കുടുംബത്തെ കാണാന്‍ വന്നതായിട്ടാണ് എപ്പോഴും എനിക്ക് അനുഭവപ്പെടാറുള്ളത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഞങ്ങള്‍ അഞ്ചു തവണ കണ്ടുമുട്ടി, അത് വളരെ അപൂര്‍വ്വമാണ്, അത് ഞങ്ങളുടെ അടുത്ത ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു’ യുഎഇ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു.
‘എന്റെ ക്ഷണം സ്വീകരിച്ച് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്കായി എന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലേക്ക് വന്നതിന് നന്ദി പറയുന്നു. നിങ്ങള്‍ ആ പരിപാടി പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോയി, അതിന്റെ പ്രശസ്തി വര്‍ദ്ധിച്ചു’ – ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോട് പ്രധാനമന്ത്രി പറഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമായും മോദി ചര്‍ച്ച നടത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ.യിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധനചെയ്യുന്ന അഹ്ലന്‍ മോദി സമ്മേളനം ഇന്ന് വൈകീട്ട് 6.30-ന് അബുദാബി സായിദ് സ്റ്റേഡിയത്തില്‍ നടക്കും. 65,000-ത്തിലേറെ പേര്‍ പങ്കെടുക്കും. ഇന്ത്യന്‍ എംബസിയുടെ പിന്തുണയോടെയാണ് പരിപാടി. 150-ലേറെ ഇന്ത്യന്‍ സംഘടനകളും യു.എ.ഇ.യിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും പരിപാടിക്കെത്തും. 90 മിനിറ്റോളം നീണ്ടുനില്‍ക്കുന്ന കലാപരിപാടികളാണ് അരങ്ങേറുക.
അബുദാബിയിലെ ഹിന്ദുശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. വിഗ്രഹപ്രതിഷ്ഠ രാവിലെയും സമര്‍പ്പണച്ചടങ്ങ് വൈകീട്ടുമാണ്. മഹന്ത് സ്വാമി മഹാരാജ് കര്‍മങ്ങള്‍ക്ക് നേതൃത്വംനല്‍കും.
ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ഉദ്ഘാടനദിനത്തില്‍ പ്രവേശനം. പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം മാര്‍ച്ച് ഒന്നുമുതലാണ്. അബുദാബി-ദുബായ് പ്രധാന ഹൈവേക്ക് സമീപം അബു മുറൈഖയിലാണ് യു.എ.ഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദുശിലാക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ഈ പരിപാടിക്ക് ശേഷം പ്രധാനമന്ത്രി ഖത്തറിലേക്ക് പോകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല